റിയാദ്: സൗദി അറേബ്യയിലെ തായിഫ് ആശുപത്രിയില്‍ നവജാത ശിശുക്കളെ പരസ്പരം മാറി നല്‍കിയതായി പരാതി. കിങ് ഫൈസല്‍ ആശുപത്രിയിലാണ് നവജാതശിശുക്കളെ മാറിയതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തായിഫ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സിഇഒ ഡോ. തലാല്‍ അല്‍ മാലികി പറഞ്ഞു.
നവജാതശിശുക്കളുടെ മാതാപിതാക്കളെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധന ഫലം വന്ന ശേഷം കുട്ടികളെ മാറിയിട്ടുണ്ടെങ്കിൽ യഥാർത്ഥ കുടുംബത്തിന് കുട്ടികളെ കൈമാറും. രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. നവജാതശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുള്ളത് ആരുടെ ഭാഗത്ത് നിന്നാണോ അവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തായിഫ് ആരോഗ്യ അധികൃതര്‍ അറിയിച്ചു.