ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കുറിച്ചി: സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കടലിടുക്കിൽ വച്ച് കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയ്ക്കായി നാട് ഒന്നിക്കുന്നു. ജസ്റ്റിന്റെ കുടുംബത്തിന് നീതി തേടിയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധാരണക്കാരും നേതാക്കളും ജസ്റ്റിന്റെ വീട്ടിലെത്തുന്നത്. ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയും, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും, ജോബ് മൈക്കിളും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഇതിനിടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടും, കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി ഒൻപത് ബുധനാഴ്ച രാവിലെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാൻഡിസ് കപ്പലിലെ ജീവനക്കാരൻ കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ (30)കാണാനില്ലെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചത്. തുടർന്നു, ബന്ധുക്കൾ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിനെ ബന്ധപ്പെടുകയായിരുന്നു. ഇതിനു ശേഷം വൈശാഖാണ് ആദ്യമായി കൊടിക്കുന്നിൽ സുരേഷ് എം.പിയിലൂടെ കേന്ദ്ര സർക്കാരിനെ വിഷയം ധരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വ്യാഴാഴ്ച പകൽ വൈശാഖും ജസ്റ്റിന്റെ ബന്ധുക്കളും കൊടിക്കുന്നിൽ സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു, കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കറിനെയും, വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി.മുരളീധരനെയും നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, ബന്ധുക്കളുടെ നിവേദനം നൽകുകയും ചെയ്തു. ജസ്റ്റിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി.മുരളീധരനെയും, കൊടിക്കുന്നിൽ സുരേഷ് എം.പിയെയും ഫോണിൽ വിളിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിവരം ധരിപ്പിക്കുകയും ചെയ്തു.
ബന്ധുക്കളുടെ നിവേദനം വാങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മറൈൻ ഷിപ്പ് മാനേജരെ ഫോണിൽ വിളിച്ചു വിവരങ്ങൾ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു. ഇതിനിടെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിഷയത്തിൽ ഇടപെടുകയും, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും, കേന്ദ്രമന്ത്രിമാർക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സൗത്ത് ആഫ്രിക്കയിൽ വെച്ച് കാണാതായ കപ്പൽ ജീവനക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയെ കണ്ടെത്താൻ അടിയന്തിര ശ്രമങ്ങൾ കേന്ദ്ര സർക്കാർ, സൗത്ത് ആഫ്രിക്കൻ ഇന്ത്യൻ ഹൈക്കമീഷൻ വഴി നടത്തണമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ജസ്റ്റിന്റെ കുടുംബത്തിന് ഈ വിഷയത്തിൽ നല്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈ വിഷയത്തിൽ എല്ലാ സഹായവും സ്വീകരിക്കുമെന്ന് ഉറപ്പുനല്കി. ‘ സ്ട്രീം അറ്റ്ലാന്റിക്’ എന്ന അമേരിക്കയിലേക്ക് പോകുകയായിരുന്ന കപ്പലിലെ ജീവനക്കാരനായ ജസ്റ്റിൻ കുരുവിളയെ സൗത്ത് ആഫ്രിക്കയിൽ വെച്ച് കാണാതായത് എന്ന വിവരം അറിഞ്ഞത് ത ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ വെച്ചായിരുന്നു.ഉടൻ തന്നെ സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് ഈ വിഷയത്തിൽ അടിയന്തര സന്ദേശമയക്കുകയും ചെയ്തു. തുടർനടപടികൾ നിരീക്ഷിച്ചുവരികയാണ് തുടർന്നും ബന്ധപ്പെട്ട അധികാരികളെ ഈ വിഷയത്തിൽ മേൽനടപടികൾക്കായി ബന്ധപ്പെടുന്നതാണ്.