സോൾ: സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്തു. വിവാദ പട്ടാള നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകൻ സ്ഥിരീകരിച്ചു. പ്രസിഡൻ്റ് യൂൺ ഇന്ന് അഴിമതി അന്വേഷണ ഓഫീസിൽ നേരിട്ട് ഹാജരാകാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ സിയോക് ഡോങ്-ഹിയോൺ ഫേസ്ബുക്കിൽ പറഞ്ഞു. നിലവിലെ വാറണ്ട് പ്രകാരം യൂണിനെ 48 മണിക്കൂർ വരെ തടവിലിടാം.
അതേസമയം, കസ്റ്റഡി നീട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ വാറൻ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഡിസംബർ 14-ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടർന്ന് യൂണിൻ്റെ പ്രസിഡൻ്റ് അധികാരങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോൾ ഭരണഘടനാ കോടതിയിലാണ്. 204-85 വോട്ടുകൾക്കാണ് യൂണിനെ ഇംപീച്ച് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്. ആഴ്ചകളായി സിയോളിലെ വസതിയിൽ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാൻ 1,000-ത്തിലധികം പൊലീസുകാരെയും അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയിരുന്നു. സൈനിക നിയമ പ്രഖ്യാപനത്തിനും തുടർന്നുള്ള ഇംപീച്ച്‌മെൻ്റിനും ശേഷം ഡിസംബർ 12 മുതൽ യൂൻ അദ്ദേഹത്തിൻ്റെ വസതിയിലാണ്. വിമത കുറ്റത്തിന് ചൊവ്വാഴ്ച കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിച്ചു.