ന്യൂഡൽഹി: രാജ്യത്തെ പുരാതനവും പ്രശസ്തവുമായ ദാറുൽ ഉലൂം ദയൂബന്ദ് ഉൾപ്പെടെ 300 ലധികം മദ്രസകൾ നിയമവിരുദ്ധമാക്കിയ യുപി സർക്കാർ നടപടി മുസ്ലീം സമുദായത്തെ അപരവൽക്കരിക്കുകയെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീൻ അഹമ്മദ്. ഈ മദ്രസകൾക്ക് സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമില്ലെന്ന് സർവേയിലൂടെ കണ്ടെത്തിയതായാണ് യുപി സർക്കാരിൻ്റെ അവകാശവാദം.
കഴിഞ്ഞ 150 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം നാളിതുവരെ സർക്കാരിൽ നിന്ന് യാതൊരു വിധ ഗ്രാൻ്റോ ആനുകുല്യങ്ങളോ വാങ്ങിയിട്ടില്ലെന്ന് ദാറുൽ ഉലൂം ദയൂബന്ദിന്റെ വൈസ് ചാൻസലർ മുഫ്തി അബുൽ ഖാസിം നൊമാനി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ദാറുൽ ഉലൂം ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. ദാറുൽ ഉലൂമിന്റെ “ശൂറ സൊസൈറ്റി” സൊസൈറ്റി ആക്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഭരണഘടന ഉറപ്പു നൽകുന്ന
മതസ്വാതന്ത്ര്യം അനുസരിച്ചു പ്രവർത്തിച്ചു വരുന്നതുമാണ്.
സ്ഥാപനം സർക്കാരിൽ നിന്ന് ഒരു സഹായമോ സബ്സിഡിയോ സ്വീകരിക്കാത്തിടത്തോളം, സ്ഥാപനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സർക്കാർ നടപടി മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പിന് വിരുദ്ധമാണ്. 1867-ൽ സ്ഥാപിതമായ ദാറുൽ ഉലൂം ദയൂബന്ദ് സ്വാതന്ത്ര്യസമരത്തിൽ മതപണ്ഡിതരെ പങ്കാളികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ ആയിരക്കണക്കിന് പണ്ഡിതന്മാർ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കുകയും പള്ളികളിലെ ആരാധനാ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് രാജ്യത്തുടനീളം പ്രവർത്തിച്ചു വരികയുമാണ്.
സർക്കാർ നീക്കം മദ്രസയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് മുസ്ലീങ്ങളുടെ മതപഠനത്തെ തടസപ്പെടുത്താൻ ലക്ഷ്യം വെച്ചാണ്. ആർ എസ് എസ്സിൻ്റെ നൂറാം വർഷമായ 2025 ഓടെ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്. ആർഎസ്എസ്സിന് ആശയാടിത്തറ ഉണ്ടാക്കിയ ഗോൾവാൾക്കർ നിർവചിച്ചതുപോലെ ന്യൂനപക്ഷ സമുദായങ്ങളെ രണ്ടാംതരം പൗരന്മാരുടെ പദവിയിലേക്ക് തള്ളിവിടാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രവൃത്തികൾ. ഇതിലൂടെ സംഘപരിവാർ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്.
ഇത്തരം വിഷയങ്ങളിൽ ബിജെപി ഇതര പാർട്ടികളുടെ മൗനം ആശങ്കാജനകമാണെന്നും ഈ മൗനം സംഘപരിവാറിന്റെ ഗൂഢപദ്ധതികൾ എളുപ്പമാക്കുമെന്നും അഡ്വ. ഷറഫുദ്ദീൻ അഹമ്മദ് പറഞ്ഞു.