സംഘപരിവാര ശക്തികൾ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമുൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന- ജില്ലാ നേതാക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി നടത്തുന്നത്.
1992 ഡിസംബര്‍ ആറിനാണ് എല്ലാ നിയമ-ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അക്രമികള്‍ നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തത്. 2019 നവംബര്‍ ഒന്‍പതിന് സുപ്രിം കോടതി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഭൂമി അക്രമികള്‍ക്കു തന്നെ അന്യായത്തില്‍ വിട്ടുകൊടുത്തു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മസ്ജിദ് തല്ലിത്തകര്‍ത്തവരെ 2020 സെപ്തംബര്‍ 30 ന് അലഹബാദ് ജില്ലാ കോടതിയും വെറുതെ വിടുകയും കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാഷിസം സമാധാനത്തിനു ഭീഷണിയാണ്. ലോകത്ത് ഫാഷിസവും നാസിസവും പിടിമുറുക്കിയ ഇറ്റലിയിലും ജര്‍മനിയിലും അരങ്ങേറിയ ക്രൂരതകളുടെ ചരിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അമിത ദേശീയതാ വാദം, നഗരങ്ങള്‍, സ്ട്രീറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകളുടെ പുനര്‍നാമകരണം, ഭാഷ, സംസ്കാരം, വേഷം, ആചാരം, വിശ്വാസം തുടങ്ങി സര്‍വമേഖലകളും ഏകശിലാ നിര്മിതമാക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം തുടങ്ങി സര്‍വമേഖലയിലും ഫാഷിസത്തിന്റെ തനിയാവര്‍ത്തനമാണ് ഇന്ത്യയിലും നടക്കുന്നത്. ഭക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലകള്‍, ഭീകരമായ വംശഹത്യാ ആഹ്വാനങ്ങള്‍, കലാപങ്ങള്‍, വിദ്വേഷ പ്രചാരണങ്ങള്‍, വിഭവങ്ങളുടെയും അധികാരത്തിന്റെയും അവസരങ്ങളുടെയും വിതരണത്തിലുള്ള അസമത്വവും വിവേചനവും, അവസാനമായി പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കി മാറ്റുന്നു.
നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി വികലമായ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഫാഷിസ്റ്റ് ഭരണകൂടം രാജ്യ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്രമാതീതമായി വര്‍ധിക്കുന്നു. ഒരു വശത്ത് ഭൂരിപക്ഷ ജനത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ സഹസ്ര കോടീശ്വരന്മാരായ കോര്‍പറേറ്റുകളുടെ ആസ്തികള്‍ പെരുകുന്നു. ചങ്ങാത്ത മുതലാളിമാരായ അദാനി ഉള്‍പ്പെടെയുള്ളവര്‍ ലോക സമ്പന്നരുടെ പട്ടികയുടെ മുന്‍നിരയിലെത്തിയിരിക്കുന്നു. മാധ്യമങ്ങള്‍ ബിജെപി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി മാറുന്നു. വിമര്‍ശിക്കുന്നവരെയും ഭരണകൂട ഭീകരതയും കാപട്യവും തുറന്നു കാട്ടുന്നവരെയും വേട്ടയാടി നിശബ്ദരാക്കുന്നു. കല്‍ബുര്‍ഗിയും ധബോല്‍ക്കറും പന്‍സാരയും ഗൗരി ലങ്കേഷും ഫാഷിസ്റ്റ് വെടിയുണ്ടകളേറ്റ് പിടഞ്ഞു വീണത് വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രമാണ്. ഫാഷിസ്റ്റ് വിമര്‍ശകരെ കൊണ്ട് ഇന്ത്യന്‍ ജയിലുകള്‍ നിറയുകയാണ്. പാര്‍ലമെന്റില്‍ പോലും വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുകയാണ്.
ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍ രാജ്യസ്നേഹികള്‍ ഐക്യപ്പെടണമെന്നും തുളസീധരൻ പള്ളിക്കൽ അഭ്യര്‍ഥിച്ചു.