വാഷിങ്ങ്ടൺ: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന് മെക്കാര്‍ത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ വോട്ടു ചെയ്തതോടെയാണിത്. ഗവണ്മെന്റിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ സ്പീക്കര്‍ മെക്കാര്‍ത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
ബില്‍ അടിയന്തിരമായി പാസ്സായിരുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്ലാതെ അടച്ചു പ്പൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. അതേസമയം, അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്ബ് മെക്കാര്‍ത്തിക്ക് പകരമുള്ള മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
സ്പീക്കര്‍ എന്ന നിലയില്‍ മക്കാര്‍ത്തിയുടെ 269 ദിവസത്തെ സേവനമാണ് ഇതോടെ അവസാനിച്ചത്. കെവിന് മെക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്.