കൊല്ലം: കൃത്യനിർവഹണത്തിനിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഇടപെട്ട് ഹെെക്കോടതി. ഉച്ചയ്ക്ക് 1.45ന് ഹെെക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാകും പരിഗണിക്കുക.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അതിദാരുണമായ സംഭവമാണ് നടക്കുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നത്. ഒരു കാരണവശാലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോർജ് പറഞ്ഞു.
പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയിൽ ആക്രമണം നടത്തിയത്. വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറെ ചവിട്ടി നിലത്തിട്ട ശേഷമാണ് കത്രിക ഉപയോഗിച്ച് മാരകമായി കുത്തി പരുക്കേൽപ്പിച്ചത്. കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദയുടെ ശരീരത്തിനേറ്റത് ആറു കുത്തുകളാണ്.
പിന്നിൽ നിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറിനും പൊലീസുകാർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റിരുന്നു.
പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് അക്രമം നടത്തിയത്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി.