ന്യൂയോർക്ക്: സ്പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കിൽ ട്രെൻഡാവാനാണ് ഹാരിസ് വോലോബ എന്ന ആൺകുട്ടി സ്പൈസി ചലഞ്ചിൽ പങ്കെടുത്തത്. “വൺ ചിപ്പ് ചലഞ്ചിൽ” പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്സിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഹാരിസ് വോലോബ വൺ ചിപ്പ് ചലഞ്ചിൽ പങ്കെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാരിസ് സ്കൂളിൽ വച്ച് അമിതമായി എരിവുള്ള പാക്വി ചിപ്പ് കഴിക്കുകയും അതിന് ശേഷം പെട്ടെന്ന് വയറുവേദന ഉണ്ടായെന്നും അമ്മ വ്യക്തമാക്കിയിരുന്നു. കുട്ടിയെ സ്കൂളിൽ നിന്ന് വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് ബാസ്ക്കറ്റ്ബോൾ കളിയ്ക്കാനായി പോകുമ്പോൾ ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ മരണകാരണം പുറത്തുവരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മുളക്പൊടി അമിതമായി ശരീരത്തിൽ എത്തിയതാണ് ഹൃദയ സ്തംഭനത്തിന് കാരണമെന്നാണ് വ്യക്തമാവുന്നത്. ക്യാപ്സൈസിൻ എന്ന മുളകുപൊടി വലിയ അളവിൽ കഴിച്ചതിനെ തുടർന്നാണ് ഹാരിസ് ഹൃദയസ്തംഭനം മൂലം മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹാരിസിന് ഹൃദയ സംബന്ധമായ മറ്റൊരു രോഗവും ഉണ്ടായിരുന്നു. ഇതും ഗുരുതരാവസ്ഥയ്ക്ക് കാരണമായി.
അതേസമയം, സംഭവത്തിന് ശേഷം പാക്വി ഉൽപ്പന്നം നിർമാതാക്കൾ കടകളിൽ നിന്ന് നീക്കം ചെയ്തു. പാക്വി ചിപ്പ് കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ചിപ്പ് കമ്പനി തന്നെ അതിൻ്റെ വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന ഓക്കാനം എന്നിവ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും ഇത് ഉപദേശിക്കുന്നുണ്ട്.