തിരുവനന്തപുരം: സൂപ്പർ ഹീറോ വേഷത്തിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡർമാനെന്ന ബാഹുലേയൻ അറസ്റ്റിലായി. ചാക്കയിലെ വീട്ടിൽ നിന്ന് വെള്ളി വിളക്കും, വെള്ളി ഉരുപ്പടികളും, കമ്മലുകളും കവർന്ന കേസിലാണ് മുറിഞ്ഞപാലം സ്വദേശിയായ ബാഹുലേയൻ (55) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. വീട്ടുടമയുടെ പരാതിയിൽ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
വീടുകളിൽ വലിഞ്ഞുകയറി ജനാലക്കമ്ബികൾക്ക് ഇടയിലൂടെയും, വെന്റിലേറ്റർ പൊളിച്ചും മോഷണം നടത്തുന്നതുകൊണ്ടാണ് ഇയാൾക്ക് സ്‌പൈഡർമാനെന്ന വിളിപ്പേരുണ്ടായത്. സ്‌പൈഡർമാന്റെ വേഷത്തിൽ മോഷണം നടത്തി സിറ്റി പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്നു. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ബാഹുലേയൻ 2022ൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വഞ്ചിയൂർ, നേമം, മെഡിക്കൽ കോളേജ്, പേട്ട ഉൾപ്പെടെ നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ 12 മോഷണങ്ങൾ നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നും മോഷണങ്ങൾ പ്‌ളാൻ ചെയ്യുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ബാഹുലേയൻ സമാനമായ രീതിയിൽ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന് അസി.കമ്മിഷണർ അറിയിച്ചു. ഇരുന്നൂറോളം മോഷണക്കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.