ന്യൂഡൽഹി: ബ്രിജ്ഭൂഷൺ ശരൺ സിംഗും പരിശീലകരും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ കൂടികാഴ്ച നടത്തി.
മന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ചർച്ച. ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു എഫ് ഐ) പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗും ചില പരിശീലകരുമാണ് ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഡബ്ല്യു എഫ് ഐ പുനഃസംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ഡബ്ല്യു എഫ് ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് സിംഗ് ഠാക്കൂർ വ്യക്തമാക്കി. സർക്കാർ ഗുസ്തിക്കാർക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് ഏറ്റവും മുൻഗണനയെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ട്വീറ്റ് ചെയ്തു. താരങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായും പി ടി ഉഷ അറിയിച്ചു.
ദേശീയ ഗുസ്തി ഫെഡറേഷന്റെ നിർണായക എക്‌സിക്യൂട്ടിവ് യോഗം അടുത്ത ഞായറാഴ്ച ചേരും. ആരോപണവിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവച്ചേക്കുമെന്നാണ് സൂചന.