ദുബായ് :ഏഷ്യാകപ്പ് ക്രിക്കറ്റിനായി ദുബായിലെത്തിയ ഇന്ത്യൻ ടീം പരിശീലനം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ, സഞ്ജു സാംസണിന് വേണ്ടി ആരാധകർ ആർത്തുവിളിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, സഞ്ജു സാംസൺ എന്നിവർ ഒന്നിച്ചിറങ്ങുന്നതിനിടെയാണ് ആരാധകർ സഞ്ജുവിന്റെ പേര് വിളിച്ച് ആവേശം പ്രകടിപ്പിച്ചത്.
ആരാധകരുടെ ആവേശം കണ്ട് സൂര്യകുമാർ യാദവ് ചിരിച്ചുകൊണ്ട് കൈവീശിയും പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്.അതിനിടെ, ആരാധകരുമായി സെൽഫി എടുത്തും ഓട്ടോഗ്രാഫ് നൽകിയുമാണ് സഞ്ജു ടീം ബസിലേക്ക് കയറിയത്. “ഏഷ്യാകപ്പിൽ ഓപ്പണറാകുമോ, മിഡിൽ ഓർഡറിൽ കളിക്കുമോ?” എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് സഞ്ജു മറുപടി നൽകിയില്ല.ട്വന്റി20യിൽ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനാണ് ഇപ്പോൾ ചർച്ചാവിഷയം. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ടീമിലെത്തിയതോടെ, ഓപ്പണിങ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുഭ്മൻ ഗിൽ–അഭിഷേക് ശർമ സഖ്യത്തെ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സൂചന. ഓപ്പണർ സ്ഥാനത്ത് അവസരം ലഭിക്കാതിരുന്നാൽ, സഞ്ജുവിനെ വൺഡൗണായോ ഫിനിഷറായോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ടീം സിലക്ഷന്റെ സമയത്ത് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയതുപോലെ, യുഎഇയിലെ പരിശീലനത്തിന് ശേഷം മാത്രമേ ഓപ്പണിങ് ജോഡികൾ അന്തിമമായി തീരുമാനിക്കുകയുള്ളു.ഏഷ്യാകപ്പ് ടീമിലെ മുഖ്യ വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജുവിന്റെ സ്ഥാനം ഉറപ്പാണെങ്കിലും, അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം.