പാരീസ്: ഒളിംപിക്സിലെ ആദ്യ മത്സരം ജയിച്ചെങ്കിലും കളത്തിനു പുറത്ത് തോറ്റ് കൊണ്ടിരിക്കുകയാണ് കനേഡിയൻ വനിത ഫുട്ബോൾ ടീം. ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തിലാണ് കാനഡക്കെതിരെ ഫിഫ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. കനേഡിയൻ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന് മാന്‍ഡെര്‍ എന്നിവരെയും ഒരു വർഷത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു.
ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്റും ഇതോടെ നിലവിലെ ചാമ്പ്യൻമാര് കൂടിയായ കാനഡക്ക് നഷ്ടമാവും. 2021ലെ ടോക്കിയോ ഒളിംപിക്സില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ കാനഡയുടെ ക്യാപ്റ്റനായിരുന്നു ബെവ് പ്രീസ്റ്റ്മാൻ.എന്നാല്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കാനഡ ടീം അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോയന്റുകള്‍ വെട്ടിക്കുറക്കുന്നതോടെ കാനഡക്ക് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചാലും പരമാവധി മൂന്ന് പോയന്റെ ലഭിക്കു. ഇതോടെ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ ക്വാര്‍ട്ടറിലെത്താനാവു. വിവാദങ്ങളുടെ നടുവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം കാനഡ 2-1ന് ജയിച്ചിരുന്നു.
ഒളിംപിക്സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയൻ ടീം സ്റ്റാഫ് പറത്തിയ ഡ്രോണാണ് കാനഡയുടെ ദുരന്ത കഥയിലെ വില്ലൻ. ന്യൂസിലൻഡ് ടീം പരിശീലിക്കുന്ന മൈതാനത്തിനു മുകളിലാണ് ഡ്രോണെത്തിയത്. പിന്നാലെ കനേഡിയൻ ടീം സ്റ്റാഫിനെ ഫ്രഞ്ച് പോലീസ് പിടികൂടി. ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ എത്തിയ ഡ്രോണ്‍ എതിർ ടീമിന്റെ തന്ത്രങ്ങൾ മനസിലിക്കാനെന്നാണ് ആരോപണം. മത്സരത്തിൽ നിന്നും സ്വമേധയ വിട്ടു നിന്ന ബെവ് പ്രീസ്റ്റ്മാനെ കനേഡിയൻ സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
ടീമിലെ വീഡിയോ അനലിസ്റ്റിനെയും സഹപരിശീലകയെയും നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ഫിഫ ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി കടുപ്പിച്ചത്. നിലവിലെ ചാമ്പ്യൻമാരായ കാനഡ 2012 ലും 16 ലും വെങ്കല മെഡൽ ജേതാക്കളായിരുന്നു.