വൈക്കം: ജലസമൃദ്ധമായ കേരളത്തിൽ നിത്യേനയുണ്ടാകുന്ന മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി തുടക്കം കുറിച്ച സ്വിം കേരളാ സ്വിം എന്ന നീന്തൽ പരിശീലന പദ്ധതിയുടെ മൂന്നാംഘട്ടം വൈക്കത്ത്. 22മുതൽ ജൂലൈ15വരെ വൈക്കം നഗരസഭയുടെ സഹകരണത്തോടെ100 കുട്ടികൾക്കാണ് നീന്തലിൽ വിദഗ്ധ പരിശീലനം നൽകുന്നത്. നഗരസഭ 13-ാംവാർഡിൽ പൂരകുളത്തിൽപ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാണ് 10വയസിനു മുകളിലുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് അതി സാഹസികമായി നീന്തിക്കടന്ന ആദ്യ മലയാളിയായ എസ്.പി. മുരളീധരൻ്റെ നേതൃത്വത്തിലാണ് നീന്തൽ പരിശീലനം. കുട്ടികളുടെ സ്വയ രക്ഷക്കും പരരക്ഷക്കും ഉതകുന്നതോടൊപ്പം മികച്ച വ്യായാമവും, ഉല്ലാസവും, അതൊടൊപ്പംതന്നെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ദുരന്തത്തെ സമചിത്തതയോടെ നേരിടാൻ കഴിയുന്ന തരത്തിലുള്ള വിദ്യകളാണ് അഭ്യസിപ്പിക്കുന്നത്. മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭയുടെ സഹകരണ ത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം രാവിലെ 6.15 മുതൽ 7.15വരെ ഓരോ മണിക്കൂർ വീതമായിരി ക്കും. നഗരസഭയുടെ ഇരുപത്തിയാറു വാർഡുകളിൽ നിന്നും താൽപര്യമുള്ളവരെ തെരഞ്ഞെടുക്കും. കൗൺസിലർമാർ മുഖേന രജിസ്ട്രേഷൻ ഫോം വിതരണം ചെയ്യും.22ന് രാവിലെ 9.30ന് ജോസ് കെ.മാണി എംപി പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിക്കും. സി.കെ.ആശ എം എൽ എ മുഖ്യാതിഥിയാകും. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രിതാ രാജേഷ് അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കെ.അജിത്,നഗരസഭ കൗൺസിലർ സിന്ധു സജീവൻ,മൈൽസ്റ്റോൺ സൊസൈറ്റി ഭാരവാഹികൾ, ഫോക്കാനയുടെ പ്രതിനിധി ലീലമാരറ്റ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും യോഗത്തിൽ സംബന്ധിക്കും.പരിപാടി വിശദീകരിച്ച പത്ര സമ്മേളനത്തിൽ നഗരസഭാ അധ്യക്ഷ പ്രീതരാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ഫോക്കാന പ്രതിനിധി ലീലമാരറ്റ്, മൈൽസ്റ്റോൺ ജനറൽ സെക്രട്ടറി എസ്.പി.മുരളിധരൻ, സെക്രട്ടറി ഡോ.ആർ. പൊന്നപ്പൻ,സാജൻകുട്ടി, കെ.കെ.ഗോപികുട്ടൻ, ഇണ്ടംതുരുത്തി റസിഡൻ്റ് അസോസിയേഷൻ ട്രഷറർ എം.പി.ചന്ദ്രൻ,അരുൺ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.കൂടുതൽ വിശദവിവരങ്ങൾക്ക് 9667789518, 8800987665 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
മുങ്ങിമരണങ്ങൾ നിയന്ത്രിക്കാൻ സ്വിം കേരള സ്വിം : മൂന്നാം ഘട്ടം വൈക്കത്ത്
