വലിയതുറ: ആയിരത്തിലധികം കിലോ തൂക്കം വരുന്ന ഉടുമ്പന്‍ സ്രാവ് ചെറിയതുറ കടപ്പുറത്ത് കരക്കടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ കമ്പവല വലിക്കുകയായിരുന്ന ബീമാപള്ളി സ്വദേശിയുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. ഉടന്‍ മത്സ്യത്തൊഴിലാളികള്‍ വലമുറിച്ച് സ്രാവിനെ കടലിലേക്ക് തിരികെ അയക്കാന്‍ ശ്രമം നടത്തി.
എന്നാല്‍ സ്രാവ് വീണ്ടും കരയിലേക്കുതന്നെ അടിച്ച് കയറുകയായിരുന്നു. സ്രാവിനെ കടലിലേക്കുവിടാന് ശ്രമങ്ങള്‍ തുടര്‍ന്നും മത്സ്യത്തൊഴിലാളികള്‍ നടത്തിയെങ്കിലും ശക്തമായ തിരമാലകളില്‍പെട്ട് സ്രാവിന്റെ ജീവന് നഷ്ടമാവുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വലിയതുറ പൊലീസും കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ വനം-വന്യ ജീവി നിയമപ്രകാരം പിടികൂടുന്നത് നിരോധിച്ച ഇനത്തിലെ ജീവിയായതിനാല്‍ വനം വകുപ്പ് അധികൃതര്‍ എത്തിയാല്‍ മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്കഴിയൂവെന്ന് അറിയിച്ച് പൊലീസ് പിന്‍വാങ്ങി. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചുവെങ്കിലും അവര്‍ ഈ വിവരം അവഗണിക്കുകയായിരുന്നു. തീരത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചതിതോടെ വൈകുന്നേരം നഗരസഭ അധികൃതരെത്തി തീരത്തുതന്നെ കുഴി എടുത്ത് മൂടി.
വന്യജീവി വേട്ട വ്യാപകമായത് കാരണമാണ് ആഴക്കടലില്‍ ജീവിക്കുന്ന ജീവികള്‍ തീരക്കടലിലേക്ക് എത്തുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉള്‍ക്കടലിലെ ഇത്തരം വേട്ടകളില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെടുന്ന ജീവികളാണ് പിന്നീട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കമ്പവലകളില്‍ അകപ്പെടുന്നത്. ഒരു വര്‍ഷത്തിനിടെ പലതവണയാണ് സംരക്ഷിത ഇനത്തില്‍പെട്ട സ്രാവുകളും ഇതര കടല്‍ ജീവികളും ജില്ലയുടെ തീരങ്ങളില്‍ കരക്കടിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് പൂവാര്‍ കരുംകുളത്ത് മൂവായിരത്തോളം കിലോ തൂക്കംവരുന്ന ഉടുമ്പന്‍ സ്രാവ് കരക്കടിഞ്ഞിരുന്നു.