കൊളംബോ : ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി, വിജയിയെ പ്രഖ്യാപിക്കാൻ ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ സ്ഥാനാർഥികള്‍ക്ക് കഴിയാതെ വന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പവർ നേതാവ് അനുര കുമാര ദിസനായകെ മുന്നിട്ട് നിന്നിരുന്നെങ്കിലും 50 ശതമാനം പ്ലസ് ഒന്ന് എന്ന കടമ്ബ താണ്ടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൂടുതല്‍ വോട്ട് ലഭിച്ച രണ്ടുപേർ മാത്രം മത്സരിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുപ്പ് നീങ്ങുന്നത്.
രണ്ടാം ഘട്ടത്തില്‍ സാമാജി ജന ബലവെഗായുടെ നേതാവ് സജിത്ത് പ്രേമദാസയാണ് ദിസനായകെയുടെ എതിരാളി. 38 സ്ഥാനാർഥികളുണ്ടായിരുന്ന തിരഞ്ഞെടുപ്പ് മത്സരത്തില്‍ രണ്ടുപേരുമൊഴികെ മറ്റുള്ളവരെല്ലാം പുറത്തായതായി ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഞായറാഴ്ച ഉച്ചയോടെ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:31 വരെയുള്ള ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകള്‍ പ്രകാരം ഇതുവരെ എണ്ണപ്പെട്ട 60 ലക്ഷം വോട്ടുകളില്‍ 49 ശതമാനമാണ് ദിസനായകെ കരസ്ഥമാക്കിയത്. 29.88 ശതമാനം വോട്ടുകള്‍ നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസാണ് രണ്ടാം സ്ഥാനത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഘട്ടത്തിലെ വോട്ടെണ്ണലില്‍, ശേഷിക്കുന്ന വോട്ടുകളില്‍ വോട്ടർമാർ അടയാളപ്പെടുത്തിയിട്ടുള്ള അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണയാകും എണ്ണുക. അതില്‍നിന്നാകും ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 1982 മുതല്‍ ശ്രീലങ്കയില്‍ നടന്ന എട്ട് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പുകളിലും ആദ്യ റൗണ്ടില്‍ തന്നെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. പതിനേഴു ദശലക്ഷം ലങ്കൻ പൗരന്മാർക്കായിരുന്നു ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ടായിരുന്നത്. 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമാധാനപരമായായിരുന്നു നടന്നത്.