കുമരകം : ശ്രീനാരായണഗുരുദേവന്റെ വില്ലുവണ്ടി യാത്രയുടെ സ്മരണകൾ ഉണർത്തി കുമരകത്ത് ശാന്തി യാത്ര നടന്നു. ശ്രീകുമാരമംഗലം ദേവസ്വവും നാല് എസ്.എൻ.ഡി.പി അംഗ ശാഖകളും അണിനിരന്ന ശാന്തി യാത്ര പീതസാഗരമായി.
കുമരകം 153 കിഴക്ക് എസ്.എൻ.ഡി.പി ശാഖയോഗ ഗുരു മന്ദിരത്തിൽ നിന്നാണ് ശാന്തി യാത്ര ആരംഭിച്ചത്.
ഗുരുദേവന് സഞ്ചരിയ്ക്കാൻ പ്രാക്കുളം പുതുവേലിൽ കേശവൻ എന്ന ശിഷ്യൻ സമർപ്പിച്ച
വില്ലുവണ്ടിയുടെ പകർപ്പാണ് കുമരകത്ത്
പുനരാവിഷ്കരിച്ചത്. മനോജ് മുണ്ടുപറമ്പും കുടുംബാംഗങ്ങളും ചേർന്നാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലേയ്ക്ക് വില്ലുവണ്ടി വഴിപാടായി നൽകിയത്. ഈ റിക്ഷയുടെ നിർമ്മാണം കുമരകം തോപ്പിൽ ജയചന്ദ്രനാണ് നിർവഹിച്ചത്. ശിവഗിരിയിൽ പോയി വില്ലുവണ്ടി നേരിട്ട് കണ്ട് അതേ മാതൃകയിൽ തന്നെ റിക്ഷ നിർമ്മിക്കുകയായിരുന്നു.
ഗുരുദേവ പ്രതിമയും വഹിച്ചുകൊണ്ടുള്ള ശാന്തി യാത്ര കിഴക്ക് ഗുരുമന്ദിരാങ്കണത്തിൽ നിന്ന് രണ്ട് മണിക്ക് പുറപ്പെട്ടു. ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ , പാരീസ് കുട്ടപ്പൻ എന്നിവർ ചേർന്നാണ് വില്ലുവണ്ടി വലിച്ചത്. ദേവസ്വം പ്രസിഡന്റ് പ്രകാശൻ അറത്തറ യുടെ നേതൃത്വത്തിൽ ദേവസ്വം കമ്മറ്റി അംഗങ്ങൾ , ശാഖാ ഭാരവാഹികൾ ,ശിവഗിരി തീർത്ഥാടന പദയാത്ര സമതി അംഗങ്ങൾ തുടങ്ങിയവർ ശാന്തി യാത്രയെ നയിച്ചു.
വൈകീട്ട് 3 മണിയോടെ ശാന്തിയാത്ര ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന് ക്ഷേത്രം തന്ത്രി എം.ആർ ഉഷേന്ദ്രൻ തന്ത്രികൾ , പി.എം മോനേഷ് ശാന്തി എന്നിവർ പ്രാർത്ഥനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് അന്നദാനം നടന്നു.
ശ്രീനാരായണഗുരുദേവന്റെ വില്ലുവണ്ടി യാത്രയെ സ്മരിച്ച് കുമരകം : പീതസാഗരമായി ഘോഷയാത്ര
Advertisements