പാലക്കാട്: നേരത്തോട് നേരമാകുന്നതേയുള്ളൂ, അതിന് മുന്‍പ് പകരത്തിന് പകരം വീട്ടിക്കഴിഞ്ഞു. അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ് സേന മുഴുവന്‍ കാവലിരുന്നപ്പോഴാണ്, അക്രമസാധ്യത മുന്‍കൂട്ടി അറിയുന്ന മികച്ച ഇന്റലിജന്‍സ് സംവിധാനമുള്ളപ്പോഴാണ് ഒരു ജീവന്‍ കൂടി വെട്ടേറ്റ് വീണത്, പിടഞ്ഞ് മരിച്ചത്. പാലക്കാട് എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടിരിക്കുന്നത്.
സുബൈര്‍ കൊല്ലപ്പെട്ട സമയത്തിനോടടുത്ത് തന്നെയാണ് ഇന്ന് ശ്രീനിവാസനും കൊല്ലപ്പെട്ടത്, ഏതാണ്ട് നേരത്തോട് നേരമായപ്പോള്‍. ഇന്നലെയും ഇന്നും അഞ്ചംഗസംഘമാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ജീവനും നഷ്ടമായത് വെട്ടേറ്റാണ്, അതും പട്ടാപ്പകല്‍, പ്രിയപ്പെട്ടവരുടെ മുന്‍പില്‍വച്ച്..!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് മേലാമുറിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
ഇന്നലെ ഉച്ചയോടെയാണ് സുബൈറിനെ അരും കൊല ചെയ്തത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകളാണുണ്ടായിരുന്നത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് പുറപ്പെട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ പൊലീസുകാരെയും ജില്ലയില്‍ വിന്യസിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്ക് പുറപ്പെട്ടു. അന്വേഷണവും ആരോപണ പ്രത്യാരോപണങ്ങളും രാഷ്്ട്രീയ പകയും തുടര്‍ക്കഥയാകുമ്പോള്‍, അനാഥമാക്കപ്പെടുന്നവരെ മറക്കരുത്.
സുബൈറിന്റെ ഖബറടക്കും മുന്‍പ് ശ്രീനിവാസന് ചിതയൊരുങ്ങിയിരിക്കുന്നു. നടുക്കമല്ല, ഒരുതരം മരവിപ്പാണ് തോന്നുന്നത്. വെട്ടിവീഴ്ത്താന്‍ കച്ചകെട്ടിയിറങ്ങിയവരെ ഓര്‍ത്തല്ല, കൊന്നവന്റെയും കൊല്ലപ്പെട്ടവന്റേയും കുടുംബങ്ങളെയോര്‍ത്ത്, അവരുടെ മാതാപിതാക്കളെയും പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയുമോര്‍ത്ത്..!