കൊളംബോ: വിദേശനാണയം ഇല്ലാത്തതിനാല്‍ വിലക്കയറ്റവും ക്ഷാമവും രൂക്ഷമായതോടെ ശ്രീലങ്കയില്‍ കലാപവുമായി ജനം തെരുവിലിറങ്ങി. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. നിലവില്‍ യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിലാണ് ലങ്ക.
പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും (1 ശ്രീലങ്കന്‍ രൂപ = 29 ഇന്ത്യന്‍ പൈസ) ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ധനമന്ത്രി ബേസില്‍ രാജപക്‌സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്‍കി.
കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ഇറക്കുമതിക്ക് കൂടുതല്‍ ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. വിദേശനാണയശേഖരം തീര്‍ന്ന അവസ്ഥയാണ് നിലവില്‍. ഏഴ് ബില്യന്‍ ഡോളറോളും വിദേശകടമുള്ളത് സര്‍ക്കാരിനെ വലക്കുന്നുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. കാറുകള്‍, ഫ്‌ലോര്‍ ടൈലുകള്‍ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്.