തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് സംബന്ധിച്ച വിശദമായ ടൈംടേബിള്‍ വൈകാതെ പ്രസിദ്ധീകരിക്കും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ സ്‌കൂള്‍തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കി അവരെയും പരീക്ഷയ്ക്ക് സജ്ജമാക്കണം. പഠന വിടവ് കുട്ടികളില്‍ നികത്തണമെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷയുടെ തിയതിയും ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.