കാലിഫോര്‍ണിയ: സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ പൊട്ടിത്തെറിക്ക് ശേഷം സ്പേസ് എക്സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അമേരിക്കന്‍ സമയം ജനുവരി 19ന് രാവിലെ 10.35ന് 27 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുമായി സ്പേസ് എക്സിന്‍റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 കുതിച്ചുയരും. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ വിക്ഷേപണം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ സ്പേസ് എക്‌സ് വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്യും.
രാവിലെ 10.35ന് ആരംഭിക്കുന്ന 3.5 മണിക്കൂര്‍ വിന്‍ഡോയാണ് 27 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ വിക്ഷേപണത്തിനായി തീരുമാനിച്ചിരിക്കുന്നത്. എല്ലാം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെങ്കില്‍ ലിഫ്റ്റോഫിന് എട്ട് മിനിറ്റില്‍ ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ ഒന്നാം ഭാഗമായ ബൂസ്റ്റര്‍ പസഫിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ തിരികെ ലാന്‍ഡ് ചെയ്യും. ഫാല്‍ക്കണ്‍ 9ന്‍റെ ഏറ്റവും മുകള്‍ ഭാഗം ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ ലിഫ്റ്റോഫ് കഴിഞ്ഞ് 61.5 മിനിറ്റിന് ശേഷം 27 കൃത്രിമ ഉപഗ്രഹങ്ങളും വിന്യസിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025ലെ ഒന്‍പതാം ഫാല്‍ക്കണ്‍ 9 ദൗത്യവും സ്പേസ് എക്സിന്‍റെ ഈ വര്‍ഷത്തെ പത്താം വിക്ഷേപണവുമായിരിക്കും ഇത്. ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ക്ക് പുറമെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഒരു പരീക്ഷണമാണ് 2025ല്‍ സ്പേസ് എക്സ് ഇതുവരെ നടത്തിയത്. എന്നാല്‍ ടെക്‌സസില്‍ ജനുവരി 16ന് നടന്ന സ്റ്റാര്‍ഷിപ്പിന്‍റെ ഏഴാം പരീക്ഷണ വിക്ഷേപണം വന്‍ പൊട്ടിത്തെറിയില്‍ അവസാനിച്ചിരുന്നു.
ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലിപ്പമേറിയതും ഭാരമേറിയതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം വായുവില്‍ വച്ച് പിടിച്ചെടുത്ത് ചോപ്‌സ്റ്റിക് വീണ്ടും ചരിത്രമെഴുതിയെങ്കിലും റോക്കറ്റിന്‍റെ മുകള്‍ ഭാഗം വിക്ഷേപണത്തിന് 8.5 മിനിറ്റുകള്‍ക്ക് ശേഷം പൊട്ടിച്ചിതറുകയായിരുന്നു.