മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല
; മതനിരപേക്ഷതയ്ക്ക് കേരളം മാതൃക; സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള കുത്സിതമായ നീക്കം അംഗീകരിക്കാനാവില്ല: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെയും അവകാശങ്ങളെയും കവർന്നെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പരേഡിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസുകളിൽ വർഗീയതയും വിഭാഗീയതയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം.

Advertisements

ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് വിധേയമാകുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല. മതനിരപേക്ഷതയ്ക്ക് കേരളം മാതൃകയാകുന്നു എന്നത് ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനയിൽ ഏറ്റവും വലുതും സമഗ്രവുമായ ഇന്ത്യൻ ഭരണഘടനയിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തുമ്പോൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോറൽ ഏൽക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്ക് ഉണ്ട് എന്നത് മറന്നു പോകരുത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാതിമത, ലിംഗ ഭേദമില്ലാതെ തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഓർമിപ്പിച്ചു കൊണ്ട് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോകുമ്പോൾ നമ്മുടെ ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദ്കർ പറഞ്ഞതുപോലെ നമുക്ക് ആദ്യവും അവസാനവും ഇന്ത്യക്കാരായിരിക്കാമെന്നും മന്ത്രി പറഞ്ഞു. മഹത്തായ ഒരു സംസ്‌കൃതിയിലൂടെ സ്ഫുടം ചെയ്ത മഹനീയ രാഷ്ട്രമാണ് ഇന്ത്യ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന അടിസ്ഥാന ശിലകളിൽ രൂപം കൊണ്ട ഈ രാഷ്ട്രം കേവലം അതിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല.

മഹത്തായ ഒരു സംസ്‌കാരത്തിന്റെ വിളനിലമാണ് ഇന്ത്യ. നമ്മുടെ രാഷ്ട്രനേതാക്കളും അവരോടൊപ്പം അണിചേർന്ന ജനകോടികളും ഒരു മനസോടെ പ്രവർത്തിച്ച് നേടിയെടുത്തതാണ് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധീനതയിൽ നിന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേയ്ക്ക് നാം കടന്നു വന്നപ്പോൾ അത് ലോകത്തിന് പുതിയൊരു ചരിത്രമാണ് നൽകിയത്. അഹിംസയിൽ അധിഷ്ഠിതമായ പുതിയൊരു സമരവിജയ ചരിത്രം.

ലോകം കണ്ട എക്കാലത്തെയും മഹാനായ, മനുഷ്യസ്നേഹിയായ മഹാത്മാ ഗാന്ധിയുടെ ഉജ്ജ്വല നേതൃത്വത്തിൽ നാം നേടിയത് സമാനതകളില്ലാത്ത ചരിത്രവിജയമായിരുന്നു. പിൽക്കാല സമരരംഗങ്ങളിൽ മാതൃകയാക്കിയ സഹനസമരങ്ങളുടെയെല്ലാം ആവിർഭാവം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്ര വിജയമാണ്. വിപ്ലവങ്ങൾ ലോകചരിത്രത്തിൽ ധാരാളമുണ്ട്. അസമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും അരക്ഷിതാവസ്ഥയിൽ വിപ്ലവങ്ങൾ അസാധാരണമല്ല. എന്നാൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം ലോകത്തിലെ മറ്റ് വിപ്ലവചരിത്രങ്ങളിൽ നിന്നും വിഭിന്നമായി ഇന്നും നില നിൽക്കുന്നു.

അതിരുകൾ അവസാനിക്കാത്ത സാമ്രാജ്യത്വശക്തികളോട് എതിരിടാൻ നമുക്ക് ഉണ്ടായിരുന്നത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഇച്ഛാശക്തിയാണ്. മഹാത്മാഗാന്ധിയുടെ അഹിംസയിൽ അധിഷ്ഠിതമായ കരുനീക്കങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ എതിരാളികളുടെ ആയുധശക്തിക്കും ധനസ്ഥിതിക്കും കഴിഞ്ഞില്ല. ശക്തവും സുദൃഢവുമായ പിന്തുണ നൽകിക്കൊണ്ട് ജനലക്ഷങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നപ്പോൾ അതിശക്തരായ അന്നത്തെ ഭരണകർത്താക്കൾക്ക് അരങ്ങ് ഒഴിഞ്ഞു കൊടുക്കാനേ കഴിയുമായിരുന്നുള്ളൂ. അനേകം നേതാക്കളുടെയും അനേകായിരം സാധാരണക്കാരുടെയും ജീവത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ലോകം അംഗീകരിക്കുന്ന ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കും.

സനാതനധർമ്മത്തിൽ അധിഷ്ഠിതമായ ‘ലോകാസമസ്താ സുഖിനോഭവന്തു’എന്ന ഭാരതീയ ദർശനത്തിന്റെ ആധാരശിലയിൽ ഉയർന്നു നിൽക്കുന്ന മഹത്തായ ഒരു പ്രമാണ രേഖയാണ് നമ്മുടെ ഭരണഘടന. മഹാപണ്ഡിതനും ദാർശനികനുമായ ബാബാ സാഹിബ് അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട നമ്മുടെ ഭരണഘടന, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാന ശിലയാണ് സമൂഹത്തിൽ പ്രതിഷ്ഠിച്ചത്.

സമൂഹത്തിലെ ഏറ്റവും ദരിദ്രന്റെ രൂപം ഒരോ തീരുമാനത്തിന്റെ മുൻപിലും നമ്മുടെ മനസിലുണ്ടാവണമെന്ന് നമ്മെ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ സന്ദേശമായിരിക്കണം നമ്മുടെ ഓരോ ചുവടുവയ്പ്പിലും. അസമത്വമില്ലാത്ത ഒരു ഉദാത്ത രാജ്യമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരനേതാക്കളുടെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണ് ഓരോ റിപ്പബ്ലിക് ദിനവും.

മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും അതിർവരമ്പുകളില്ലാതെ നമ്മുടെ സമൂഹത്തിന്റെ വിഭവങ്ങൾ സമഭാവനയോടെ പങ്കുവയ്ക്കപ്പെടുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ കണ്ണികളാണ് നാം ഓരോരുത്തരും എന്ന ചിന്ത എല്ലാവരിലും ഉണ്ടാകണം. നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ മുന്നിട്ടിറങ്ങുമ്പോൾ ഒരു പൗരനെന്ന നിലയിലുള്ള കടമകൾ വിസ്മരിക്കാതിരിക്കാനും നമുക്ക് ബാധ്യതയുണ്ട്.

അന്തസായി ജീവിക്കാനും, അഭിപ്രായങ്ങൾ പറയാനുമുള്ള നമ്മുടെ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കാനുള്ളതല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കവർന്നെടുത്ത് അവയ്ക്കുമേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില ശക്തികളെങ്കിലും വിവിധയിടങ്ങളിൽ തലപൊക്കുന്നത് വർത്തമാനകാല സാഹചര്യത്തിൽ ദൃശ്യമാണ്. വ്യക്തികളുടെ പൗരാവകാശങ്ങൾ ഹനിക്കുവാൻ ശ്രമിക്കുന്ന സംഘടിത നീക്കങ്ങളെ നിരുൽസാഹപ്പെടുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്.

ഒരു പരമാധികാര റിപ്പബ്ലിക്കിൽ ഓരോ വ്യക്തിയും പരമാധികാരമുള്ള പൗരനാണ്. അതേസമയം പൗരധർമ്മം പാലിക്കാൻ നിയോഗിക്കപ്പെട്ടവരുമാണ്. അതിനാൽ ഉത്തരവാദിത്തമുള്ള വ്യക്തികളായി സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനം ചെയ്യുന്നവരായി ജീവിക്കാൻ ഓരോ വ്യക്തിക്കും കടമയുണ്ട്. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് നമ്മുടെ രാഷ്ട്രനേതാക്കൾ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ജനിച്ചവരാണ് ഇന്നത്തെ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും. അതുകൊണ്ട് തന്നെ പാരതന്ത്ര്യത്തിന്റെ യാതനകൾ ജീവിതത്തിൽ അനുഭവിക്കാത്തവരാണ് ഇന്നത്തെ തലമുറ.

മാധ്യമങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മറ്റുമാണ് നമുക്ക് പാരതന്ത്ര്യത്തിന്റെ ഇരുണ്ട കാലത്തെക്കുറിച്ചറിയൂ. കേട്ടതിനേക്കാളും പഠിച്ചതിനേക്കാളും എത്രയോ ഭീകരമാണ് പാരതന്ത്ര്യം. നമ്മുടെ പൂർവ പിതാക്കൾ നേടിത്തന്ന സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് നിലനിർത്താനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പ്രവർത്തിക്കുവാനും ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും ചേന്ന് മന്ത്രിയെ ജില്ലാ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, കൗൺസിലർമാരായ പി.കെ. അനീഷ്, അഡ്വ. എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, എൽ. സുമേഷ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ, എഡിഎം അലക്സ് പി. തോമസ്, കോഴഞ്ചേരി തഹസീൽദാർ കെ. ജയദീപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.