കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് വൃക്കനല്‍കുവാന്‍ ആളുണ്ടായിട്ടും മാച്ചിംഗ് ഇല്ലാതെ പോകുന്നതിന്റെ പേരില്‍ വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കാതെ ഡയാലിസിസിലൂടെ ജീവിതം മുന്‍പിലേക്ക് കൊണ്ടുവരേണ്ടി വരികയും ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് ലഭ്യമായ ഏക പരിഹാരമാര്‍ഗ്ഗമാണ് സ്വാപ് ട്രാന്‍സ്പ്ലാന്റ് എന്നത്. അനുയോജ്യമല്ലാത്ത ദാതാക്കളുടെ വൃക്ക അനുയോജ്യമായ മറ്റൊരാളുമായി പരസ്പരം കൈമാറ്റം ചെയ്യുന്നതിനെയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നത്.
രണ്ടോ അതില്‍ അധികമോ പേര്‍ക്ക് ഇത്തരത്തില്‍ പരസ്പരം വൃക്ക കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി വയനാട്, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് പേരാണ് ആസ്റ്റര്‍ മിംസില്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിലൂടെ കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് തിരികെ എത്തിയത്.ദക്ഷിണേന്ത്യയിലാദ്യമായി അന്‍പത് സ്വാപ് ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിച്ച സെന്റര്‍ എന്ന അപൂര്‍വ്വ നേട്ടവും ഇതോടെ ആസ്റ്റര്‍ മിംസിന് സ്വന്തമായി. വയനാട് സ്വദേശിയായ 39 വയസ്സുകാരിക്ക് അവരുടെ മാതാവായ 61 വയസ്സുകാരിയായിരുന്നു ദാതാവായുണ്ടായിരുന്നത്. ഇവര്‍ക്ക് പരസ്പരം സ്വീകരിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മാതാവിന്റെ വൃക്ക 28 വയസ്സുകാരിയായ തൃശ്ശൂര്‍ സ്വദേശിനിക്ക് നല്‍കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയുടെ ദാതാവ് 51 വയസ്സുകാരിയായ മാതാവായിരുന്നു. അവരുടെ വൃക്ക മലപ്പുറം സ്വദേശിനിയായ 32 വയസ്സുകാരിക്ക് നല്‍കുകയും അവരുടെ ദാതാവായ 36 വയസ്സുകാരനായ ഭര്‍ത്താവിന്റെ വൃക്ക വയനാട് സ്വദേശിനി സ്വീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായും എല്ലാവരും തന്നെ ആരോഗ്യകരമായ ജീവിതത്തിലേക്ക് അതിവേഗം തിരിച്ച് വന്നുകൊണ്ടിരിക്കുകയാണെന്നും ആസ്റ്റര്‍ മിംസിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്. ഇതിനോടകം മൂന്ന് പേര്‍ പരസ്പരം ദാനം ചെയ്യുന്ന ത്രീവേ ട്രാന്‍സ്പ്ലാന്റ് രണ്ടെണ്ണവും, നാലുപേര്‍ പരസ്പരം ദാനം ചെയ്യുന്ന ഫോര്‍ വേ ട്രാന്‍സ്പ്ലാന്റ് ഒരെണ്ണവും വിജയകരമായി പൂര്‍ത്തീകരിച്ചതായി ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. വൃക്കമാറ്റിവെക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലും 14 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഫൗണ്ടേഷന്റെയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസനീയരായ ഏജന്‍സികളുടേയും വ്യക്തികളുടേയും സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി നിര്‍വ്വഹിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ഡോ. സജിത്ത് നാരായണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, നെഫ്രോളജി), ഡോ. ഇസ്മയില്‍ എന്‍ എ (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. ശ്രീജേഷ് ബി (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. തുഷാര എ (സ്‌പെഷ്യലിസ്റ്റ്, നെഫ്രോളജി), ഡോ. രവികുമാര്‍ കരുണാകരന്‍ (യൂറോളജി വിഭാഗം മേധാവി), ഡോ. അഭയ് ആനന്ദ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, യൂറോളജി), ഡോ. സുര്‍ദാസ് ആര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് യൂറോളജി) അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷോര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്), തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.