കോട്ടയം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് അംഗങ്ങൾക്ക് ഗുണകരമായി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറകണമെന്ന് കെ പി സി സി അംഗം അഡ്വ ഫിൽസൺ മാത്യൂസ് ആവശ്യപ്പെട്ടു. മെഡിസെപ്പിലെ കള്ളക്കളികൾ അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ക്ഷമാബത്താ കുടിശ്ശിക ഉടൻ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് പൊതുവിദ്യാഭ്യാസ മേഖല ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി മഹേഷ് എൻ , പ്രസിഡന്റ് വി.എസ്. ഗോപാലകൃഷ്ണൻ നായർ , കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് ബിനോജ് എസ് , കെ.പി.സി.റ്റി.എ. സംസ്ഥാന സെക്രട്ടറി റോണി വർഗീസ് , എൻ ജി ഒ എ ജില്ലാ സെക്രട്ടറി സോജോ തോമസ് , കെ.എം.സി.എസ്.എ. സംസ്ഥാന വനിതാ ഫോറം കൺവീനർ തങ്കം ടി എ , ജില്ലാ സെക്രട്ടറി കാളിദാസ് റ്റി , കേരള ഗവ. നേഴ്സസ് യൂണിയൻ ജില്ലാ പ്രസിഡൻറ് വിപിൻ ചാണ്ടി , സെറ്റോ ജില്ലാ കൺവീനർ കെ.എ. ബാലമുരളി എന്നിവർ പ്രസംഗിച്ചു.