കോട്ടയം: സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകമായിട്ടും തടയിടേണ്ട പരിശോധനാ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി ആക്ഷേപം.
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഇത്രയധികം കൂടാൻ ഇതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വാഹനം ഉപയാഗിക്കുന്ന മിക്ക ഉദ്യോഗസ്ഥരും വീട്ടിൽ നിന്നും ഓഫീസിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാനായി സർക്കാർ വാഹനം ഉപയോഗിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനവകുപ്പ് നിർദ്ദേശമനുസരിച്ച് വകുപ്പുമേധാവികൾക്കും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കും കലക്ടർമാർക്കും മന്ത്രിമാരുടെ സ്റ്റാഫിനും മാത്രമാണ് ഇത്തരത്തിൽ താമസസ്ഥലത്തു നിന്നും ഓഫീസിലെത്താൻ സർക്കാർ വാഹനമുപയോഗിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്‌ഥ. എന്നാൽ, മിക്ക ഓഫീസർമാരുടെയും സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ലോഗ് ബുക്കിൽ ഔദ്യോഗിക ആവശ്യങ്ങൾ എഴുതി കൃത്രിമം കാണിച്ചാണ് ഇങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്കായി ഓടുന്നത്.
പലർക്കും പ്രിയം വാടക വാഹനങ്ങൾ
ഓഫീസിലുള്ള സർക്കാർ വാഹനം കേടായെന്ന് പറഞ്ഞ് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം എടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം എടുക്കുന്നതിലാണ് മിക്ക ഓഫീസ് മേധാവികൾക്കും താൽപ്പര്യം. സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം ഉപയോഗിക്കുന്നതിനാണ് ഇത്തരത്തിൽ വാടക വാഹനങ്ങളോട് പല ഓഫീസ് മേധാവികൾക്കും ഇത്രയധികം താൽപ്പര്യമെന്നും പറയുന്നു.
നിയമവും ചട്ടവുമനുസരിച്ച് മഞ്ഞ നമ്പർ പ്ലേറ്റുള്ള ടൂറിസ്റ്റ് ടാക്സി വാഹനങ്ങളാണ് സർക്കാർ – പൊതുമേഖലാ ഓഫീസുകളിൽ വാടകയ്ക്ക് എടുക്കേണ്ടത്. ഈ നിബന്ധനകളെല്ലാം കാറ്റിൽപറത്തി മിക്ക ഓഫീസുകളിലും വെള്ള നമ്പർ പ്ലേറ്റുള്ള ഇഷ്ടക്കാരുടെ സ്വകാര്യ വാഹനങ്ങളാണ് വാടകയ്ക്കെടുക്കുന്നത്. ഇതിലൂടെ നികുതിയിനത്തിൽ വൻതുകയാണ് സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർക്ക് ഒദ്യോഗിക കാര്യങ്ങൾക്ക് വാഹനങ്ങളുപയോഗിക്കാം.
ഇങ്ങനെയുള്ള മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും ദുരുപയോഗമുണ്ടെന്നത് നാട്ടിൽ പാട്ടാണ്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തിലും ഉപഅധ്യക്ഷർക്കും വാഹനം അനുവദിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലൂം
സ്ഥിരം ഡ്രൈവർമാരേക്കാൾ പ്രിയം താൽക്കാലികക്കാരോടാണ്. സ്ഥിരം ഡ്രൈവർമാർ സ്വകാര്യ ഓട്ടങ്ങളോട് പലപ്പോഴും മുഖം തിരിക്കുന്നതു തന്നെ ഇതിനു കാരണം. താൽക്കാലിക ഡ്രൈവർമാർ മിക്കവരും അധ്യക്ഷരുടെ ഇഷ്ടക്കാരാണ്. നിയമനത്തിന് മാനദണ്ഡങ്ങൾ ഒന്നുമില്ല. നിയമനം സംബന്ധിച്ച് പരാതി വരുമ്പോൾ സ്ഥിരം തസ്തികയിലല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയും രാഷ്ടീയ – ഭരണ സ്വാധീനമുപയോഗിച്ചും തടിയൂരും.
എംപ്ലോയ്‌മെന്റ് എക്സേഞ്ച് അധികൃതരും ഇതിനെതിരെ ചെറുവിരൽ അനക്കില്ല. ഇങ്ങനെ നിയമിച്ച പല താൽക്കാലിക ഡ്രൈവർമാരും വർഷങ്ങളായി മിക്കയിടത്തും തുടരുകയാണ്. പി എസ് സി യെ നോക്കുകുത്തിയാക്കി ചില സ്ഥലങ്ങളിൽ നൂറുകണക്കിന് ആളുകളെ മുൻകാലങ്ങളിൽ സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്.
പണ്ട് ഓരോ മാസവും സർക്കാർ ഫണ്ടിൽ നിന്നും ഉപയോഗിക്കാവുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതൊന്നുമില്ലാത്തതിനാൽ
‘കാട്ടിലെ തടി; തേവരുടെ ആന’ എന്ന മട്ടിൽ സ്വകാര്യ ആവശ്യങ്ങൾ ഉൾപ്പെടെ കല്യാണത്തിനും പാലുകാച്ചിനും പാർട്ടി പരിപാടികൾക്കുമൊക്കെയായി പലരും ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്.
ജില്ലാ – സംസ്ഥാന ധനകാര്യ പരിശോധന വിഭാഗങ്ങൾ സർക്കാർ – പൊതു മേഖലയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും വാഹന ഉപയോഗം സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും കാര്യമായ പരിശോധന ഇക്കാര്യത്തിൽ ഇല്ലാത്തതും വാഹനങ്ങളുടെ ദുരുപയോഗത്തിന് തുണയാകുന്നുണ്ട്. വാഹന ദുരുപയോഗം പാടില്ലെന്ന് അക്കമിട്ട് ഉത്തരവിറക്കിയ ധനവകുപ്പിലെ ജീവനക്കാർ പോലും ഉത്തരവിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. അവരും മൽസരിച്ച് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.