തീവ്രവാദ ബന്ധത്തിൻറെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി : പിന്നിൽ ആർഎസ്എസ് എന്ന ആരോപണവുമായി പോപ്പുലർ ഫ്രണ്ട് ; നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ വിഭാഗങ്ങളും കേന്ദ്ര ഏജൻസികളും

കോട്ടയം : തീവ്രവാദ ബന്ധത്തിന്റെ പേരിൽ ഇടുക്കിയിലും കോട്ടയത്തുമടക്കം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ പോലീസിന് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. ഇടുക്കി തൊടുപുഴയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും, മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും, കോട്ടയം ജില്ലയിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം , കാഞ്ഞിരപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ പൊലീസിനും കോടതിയ്ക്കും എതിരായ പോസ്റ്റ് ഷെയർ ചെയ്ത , കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തിരുന്നു. ഇത് കൂടാതെ വിവാദമായ , പൊലീസിലെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ തൊടുപുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധം സംശയിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇത് തുടർന്നാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പോലീസിന് ആർഎസ്എസ് ബന്ധം ഉണ്ടെന്ന് ആരോപിച്ച രംഗത്തെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളാ പോലിസിലെ മുസ്‌ലിം വിരുദ്ധതയ്ക്ക് പിന്നില്‍ ആര്‍എസ്എസ് സ്വാധീനം – എന്ന പ്രസ്ഥാവനയാണ് ഇന്നലെ പോപ്പുലർ പുറത്തിറക്കിയത്.

പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവന ഇങ്ങനെ –

മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പോലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതും ഉള്‍പ്പടെയുള്ള വേട്ടയാടലുകള്‍ വഴി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം.

പോലിസ് സ്റ്റേഷനുകളില്‍ പൂജ നടത്തുന്നതിനും മറ്റു മതാചാരപ്രകാരം ഡ്യൂട്ടി എടുക്കുന്നതിനും അനുമതി നല്‍കുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം പോലിസുകാര്‍ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരില്‍ കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് നേതാവായ വര്‍ഗീയവാദി വല്‍സന്‍ തില്ലേങ്കരിക്ക് പ്രസംഗിക്കാന്‍ മൈക്ക് നല്‍കിയത് പോലിസുകാരാണ്.

ആലുവ പോലിസ് സ്റ്റേഷനില്‍ രക്ഷാബന്ധന്‍ ചടങ്ങ് നടത്തിയപ്പോഴും ആഭ്യന്തരവകുപ്പ് നിര്‍ബന്ധിത മൗനമാണ് തുടര്‍ന്നത്. ആര്‍എസ്എസ് ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ് സ്റ്റേഷനിലെത്തിയാണ് ചടങ്ങ് നടത്തിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളജില്‍ നിന്നും പോലിസ് സേനയിലെത്തിയ 54 പേര്‍ ആര്‍എസ്എസ് വര്‍ഗീയവാദിയായ വല്‍സന്‍ തില്ലങ്കരിക്കൊപ്പം ഫോട്ടോ എടുത്തപ്പോഴും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. തത്വമസി എന്നപേരില്‍ പോലിസ് സേനയില്‍ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല.

ഭരണമുന്നണിയിലെ പ്രബലകക്ഷികളായ സിപിഎമ്മും സിപിഐയും പോലിസിലെ ആര്‍എസ്എസ് സാന്നിധ്യം തുറന്നുകാട്ടിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് ആനി രാജയുമെല്ലാം പോലിസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് തുറന്നുപറയുകയുണ്ടായി. പാര്‍ട്ടി സമ്മേളനങ്ങളും ഈ വിമര്‍ശനങ്ങള്‍ക്ക് അടിവരയിട്ടു. കേരളാ പോലിസില്‍ ആര്‍എസ്എസ് സ്വാധീനം ഏറിയതോടെയാണ് മുസ്‌ലിം വിരുദ്ധത പ്രകടമായത്. മുസ്ലിംകള്‍ പ്രതി ചേര്‍ക്കപ്പെടുന്ന കേസുകളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമ്പോള്‍ ആര്‍എസ്എസ് പ്രതികളാവുന്ന കേസുകളില്‍ മൃതുസമീപനമാണ് ആഭ്യന്തരവകുപ്പ് തുടരുന്നത്. മുസ്‌ലിംകളായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതിലൂടെ ഇത് തുടരുകയാണ്. സേനയിലെ ആര്‍എസ്എസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കാനും മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിക്കുന്ന നീക്കത്തില്‍ നിന്നും ആഭ്യന്തരവകുപ്പ് പിന്‍മാറണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.