കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഗോട്ടബയ രജപക്സെയുടെ വീടുവളഞ്ഞ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോ ഹോ ഗോട്ട എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. സുരക്ഷാ സേനയുടെ നിയന്ത്രണം ലംഘിച്ച് പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ശ്രീലങ്കന്‍ കരസേനയും നാവിക സേനയും ചേര്‍ന്ന് നഗരത്തിലുള്ള പ്രസിഡന്റിന്റെ വീടിന് സുരക്ഷ നല്‍കിയത്.പ്രസിഡന്റിന്റെ വീട് വളഞ്ഞ് അക്രമം നടത്തിയ ഒരു സ്ത്രീയടക്കം 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്ന് സാഹചര്യം നേരിടാന്‍ കഴിഞ്ഞ ദിവസം രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നതായി പോലീസ് വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐ എം എഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.
പണപ്പെരുപ്പവും ഊര്‍ജ്ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ കുറച്ചു ദിവസമായി അതിശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.ഇത് തടയിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍.ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളുള്ള ശ്രീലങ്കയില്‍ 13 മണിക്കൂറാണ് ഇന്നലെ വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകള്‍ വരെ അണച്ചിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ആശുപത്രികളില്‍ മരുന്നുകളുടെ ദൗര്‍ബല്യം കാരണം ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യം വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് ശ്രീലങ്കന്‍ പൗരന്മാരെ പിടികൂടിയിരുന്നു. കടല്‍മാര്‍ഗം തമിഴ്നാട്ടിലെ ധനുഷ്കോടി വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.എന്നാല്‍ രാമേശ്വരത്തിന് സമീപത്ത് വെച്ച് കോസ്റ്റ്ഗാര്‍ഡ് പിടികൂടുകയായിരുന്നു. അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ തമിഴര്‍ക്ക് സഹായം നല്കാന് സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി തേടിയിരുന്നു.അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജനജീവിതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്