തിരുവനന്തപുരം: പ്രഥമ കേരള ഒളിംപിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാര്‍ഥം ‘നീരജ്’ എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഒളിംപിക്സ് നടക്കുന്നത്.
സംസ്ഥാനത്തെ കായിക മേഖലയ്ക്ക് കേരള ഒളിംപിക്സ് വലിയ ഊര്‍ജം പകരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളിലെയും കായിക താരങ്ങള്‍ക്ക് കുടുതല്‍ അവസരമൊരുക്കും. എല്‍ കെ ജി മുതല്‍ വിദ്യാര്‍ഥികളുടെ കായിക അഭിരുചി കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രഥമ ഒളിംപിക് ഗെയിംസിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. പ്രമുഖ ആര്‍ടിസ്റ്റ് ജിനിലാണ് ഭാഗ്യ ചിഹ്നം രൂപകല്പന ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത വര്‍ഷം ഫെബ്രുവരി 15 മുതല്‍ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിംപിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 14 ജില്ലാ ഒളിംപിക്സുകളിലും വിജയികളാകുന്നവരാണ് മത്സരിക്കുക.
അത്ലറ്റിക്സ്, അക്വാടിക്സ്, ആര്ചെറി, ബാസ്കറ്റ്ബോള്‍, ബോക്സിങ്, സൈക്ലിങ്, ഫുട്ബോള്‍, ജൂഡോ, നെറ്റ്ബോള്‍, തയ്ക്വാന്‍ഡോ, വോളിബോള്‍, ഗുസ്തി, ബാഡ്മിന്റന്‍, ഹാന്‍ഡ് ബോള്‍, ഖോ ഖോ കരാട്ടെ, ടേബിള്‍ ടെനിസ്, ഹോകി, കബഡി, റഗ്ബി, റൈഫിള്‍, വുഷു, ടെനിസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. കൂടുതല്‍ മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക.
ഹോക്കി ഉള്‍പെടെയുള്ള ചില മത്സരങ്ങള്‍ക്ക് മറ്റുജില്ലകളും വേദിയാകും. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ സാധ്യത കണക്കിലെടുത്താണ് ചില മത്സരങ്ങള്‍ മാത്രം തലസ്ഥാനത്തിന് പുറത്ത് നടത്തുന്നത്.
കേരള ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിംപിക്സിന്റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുതിര്‍ന്ന കായികതാരങ്ങള്‍ കേരള ഒളിംപിക് ഗെയിംസ് ഭാഗമായി തലസ്ഥാനത്തെത്തും.