മൂലവട്ടം: കോട്ടയം മൂലവട്ടത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന തെരുവ് നായയുടെ ആക്രമണം. പ്രദേശവാസികളായ എട്ട് പേർക്ക് നായയുടെ കടിയേറ്റു. കടിയേറ്റതിൽ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിന്റെ ആറ് വയസായ കുട്ടിയും ഉൾപ്പെടുന്നു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രദേശവാസികളായ സജിമോൻ, സജൻ, അമ്പിളി, അഭിനേഷ്, വിജയമ്മ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസ്സുള്ള മകൻ, പ്രദേശത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർ എന്നിവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് 6 വയസ്സുകാരന് കടിയേറ്റത്. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായയാണ് ഇന്ന് രാവിലെ മുതൽ അക്രമാസക്തനായത്. തുടർന്ന് ഇത് വഴി എത്തിയ ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് പലർക്കും കടിയേറ്റത്. ഇത് വഴി നടന്ന് പോയ സ്ത്രീയെ നായ ആക്രമിച്ചെങ്കിലും ഇവർ കുട ഉപയോഗിച്ച് തടഞ്ഞ് രക്ഷപെട്ടു. ഇതിനു മുൻപ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപ വാസികൾ പറയുന്നത്.