മുംബൈ: പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോഗേശ്വരി ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സ്കൂൾ ആൻഡ് ജൂനിയർ കോളേജിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂളിലെ ക്ലീനിംഗ് സ്റ്റാഫ് ഉച്ചയോടെ ശുചിമുറിയിലേയ്ക്ക് പോയപ്പോഴാണ് സംഭവം കണ്ടത്. ശുചിമുറിയുടെ വാതിലിനോട് ചേർന്ന് ഒരു പെൺകുട്ടി നിലത്ത് ഇരിക്കുന്നത് ക്ലീനിംഗ് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് തൊട്ടടുത്തുള്ള ശുചിമുറിയിൽ കയറി നോക്കിയപ്പോഴാണ് വാതിലിനു പിന്നിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടത്. ഉടൻ തന്നെ സംഭവം സ്കൂൾ മാനേജ്മെൻ്റിനെ അറിയിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അപകട മരണം രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണോ എന്നും അങ്ങനെയെങ്കിൽ കാരണം എന്താണെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണ വിവരം അറിയിച്ച് സ്കൂൾ മാനേജ്മെൻ്റ് സ്കൂളിലെയും ജൂനിയർ കോളേജിലെയും വിദ്യാർത്ഥികൾക്ക് സന്ദേശം അയച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.