പത്തനംതിട്ട: യുദ്ധ ഭൂമിയായ ഉക്രയിനില്‍ നിന്നും തിരുവല്ല പെരിങ്ങര സ്വദേശിയായ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. പെരിങ്ങര പ്രസന്ന ഭവനത്തില്‍ പി. പ്രണാദ് കുമാറാണ് ഇന്ന് രാവിലെയോടെ വീട്ടിലെത്തിയത്. ടര്‍നോപിന്‍ നാഷനല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രണാദ്. 25 നാണ് പ്രണാദും സഹപാഠികളായ 10 പേരും നാട്ടിലേക്ക് പുറപ്പെട്ടത്. ടര്നോപിനില് നിന്നു 2 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത് ലിവിയിലെത്തി.
ഇവിടെ നിന്ന് വീണ്ടും മറ്റൊരു ട്രെയിനില്‍ 7 മണിക്കൂര്‍ യാത്ര ചെയ്ത് ഉഹോര്‍ദില്‍ എത്തി. പിറ്റേ ദിവസം ടാക്സിയില്‍ ചോപ് എന്ന സ്ഥലത്തെത്തി. ഇവിടെ 20 മണിക്കൂറോളം കാത്തു നിന്നതിന് ശേഷമാണ് അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയത്. അവിടെ ഇന്ത്യന്‍ എംബസിയിലെ വോളന്റിയര്‍മാര്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്‍കിയതായി പ്രണാദ് പറഞ്ഞു. ഇവിടെ നിന്നു ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലേക്കായിരുന്നു അടുത്ത യാത്ര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുദാപെസ്റ്റില്‍ നിന്നും ഒന്നാം തീയതി പുറപ്പെട്ട വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ നിന്നും രാത്രി എട്ടരയോടെ കൊച്ചിയിലെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെത്തി. ഉക്രയിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ മാസം 13 വരെ അടച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് പ്രണാദ് പറഞ്ഞു. മുമ്പോട്ടുള്ള വിദ്യാഭ്യാസം എന്താകുമെന്ന ആശങ്കയാണ് പ്രണാദിന് ഉള്ളത്.