എരുമേലി: വിദ്യാർത്ഥിയുടെ നഷ്ടമായ പണം കണ്ടെത്തി തിരികെ നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കണമല സാന്തോം ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആഷിക്ക് വി.എന്നിന്റെ പണമാണ് ഇവർ കണ്ടെത്തി നൽകിയത്. സ്‌കൂളിലേക്ക് പോകുവാൻ വേണ്ടി ബസിൽ കയറിയ വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും 500 രൂപ നോട്ട് പറന്നു പോവുകയായിരുന്നു. ഗൈഡ് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്ന് മേടിച്ച പണമായിരുന്നു ഇത്.
തുടർന്ന് തിരിച്ചിറങ്ങി പണം തപ്പിയ വിദ്യാർത്ഥിയെ സഹായിക്കുവാനായി നാട്ടുകാരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും കൂടുകയും ഇവർ പണം കണ്ടത്തി വിദ്യാർത്ഥിക്ക് നൽകുകയുമായിരുന്നു. എരുമേലിയിലെ എം.വി.ഡി സേഫ് സോൺ ഉദ്യോഗസ്ഥരായ എഎം.വി.ഐ നിഖിൽ. കെ. ബാലൻ, ഡ്രൈവർ അനീഷ്, നാട്ടുകാരായ തമ്പി കുളങ്ങര, മനോജ് കൊങ്ങാട്ടിൽ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
എരുമേലിയിലെ സേഫ് സോണിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വഴിയരികിൽ കേടായി കിടക്കുന്ന അന്യ സംസ്ഥാന വാഹന ങ്ങൾക്ക് അടക്കം മെക്കാനിക്കുകളെ ഉടനടി ലഭ്യമാക്കുന്ന നടപടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.