കോട്ടയം: കോളേജ് വിദ്യാർത്ഥികളുടെ മനസ് മടിപ്പിച്ച് കൊവിഡ് വഴിമുടക്കിയിരുന്ന യാത്രകൾ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ്. കൊവിഡിനെ തുടർന്നു തടഞ്ഞു വച്ചിരുന്ന വിനോദ – പഠന യാത്രകൾ പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും ടൂറിസം മേഖലയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന വാഹന ഉടമകൾക്കും, ജീവനക്കാർക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന സർക്കാർ ഉത്തരവ്.
2020 മാർച്ച് മുതലാണ് പഠന വിനോദ യാത്രക്കൾക്ക് വിലക്കുണ്ടായത്. നേരത്തെ കോളേജുകൾ അവസാനിക്കുന്ന സമയത്ത് അവസാന വർഷ വിദ്യാർത്ഥികൾക്ക് വിനോദ യാത്രകൾ നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ, എല്ലാ മേഖലയെയും താളം തെറ്റിച്ചതിനു സമാനമായി കൊവിഡ് ഈ യാത്രകളെയും ട്രാക്കിൽ നിന്നും താഴെയിട്ടു. ഇതിനു പിന്നാലെ കൊവിഡ് ലോക്ക് ഡൗൺ കൂടി എത്തിയതോടെ കഴിഞ്ഞ രണ്ടു വർഷമായി വിദ്യാർത്ഥികൾ വീട്ടിൽ നിന്നു പോലും പുറത്തിറങ്ങാത്ത സ്ഥിതിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെ കോളേജുകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും വിനോദ യാത്രകൾക്ക് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു. സർക്കാരിന്റെ കൃത്യമായ ഉത്തരവ് നിലവിലില്ലാത്തതിനാൽ പല കോളേജുകളും വിദ്യാർത്ഥികൾക്ക് വിനോദ യാത്ര അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് ആഘോഷിക്കാൻ വകയൊരുക്കി ഇപ്പോൾ വിനോദ യാത്രകൾ പുനരാരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്ക് പഠന വിനോദ യാത്ര നടത്തുന്നതിനുള്ള അനുമതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി എൻ.സജുകുമാറാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തു വിട്ടത്. പഠന വിനോദ യാത്രാ വേളയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും, സാനിറ്റൈസറിന്റെ ഉപയോഗം കൃത്യമായി പാലിക്കണമെന്നും, മറ്റ് കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശിക്കുന്നു.