ബംഗളുരു: വിദ്യാർഥിനികള്‍ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളിയായ എംബിഎ വിദ്യാർത്ഥി അഭിൻ ആണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്.മൂന്ന് വിദ്യാർഥിനികള്‍ക്ക് നേരെ കോളജ് വരാന്തയില്‍ വച്ചായിരുന്നു അഭിൻ ആസിഡ് എറിഞ്ഞത്. മാസ്ക് ധരിച്ചെത്തിയ അഭിൻ പെണ്‍കുട്ടികളില്‍ ഒരാളെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ കന്നടയിലെ കടബ സർക്കാർ പിയുസി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കോളജ് വരാന്തയില്‍ കർണാടക ബോർഡ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുന്‍പായുള്ള തയ്യാറെടുപ്പിലായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. അപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ സമീപിച്ചത്. അപ്രതീക്ഷിതമായി ഇയാള്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു. അക്രമിയെ തടയാൻ ശ്രമിച്ച മറ്റ് രണ്ട് പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് വീണു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു. അഭിൻ രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ കോളജ് അധികൃതർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടി മലയാളിയാണ്. നിലമ്ബൂർ സ്വദേശിയായ അഭിൻ കേരളത്തിലെ ഒരു കോളേജിലെ എംബിഎ വിദ്യാർത്ഥിയാണ്. മുഖത്ത് പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കഡബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടികള്‍.