കണ്ണൂര്‍: കാക്കിയണിഞ്ഞത് കാണാന്‍ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ. സൗമ്യയുടെ പിതാവ് ഊരുമൂപ്പന് ഉണ്ണിച്ചെക്കന് കഴിഞ്ഞ ജനുവരിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മ്മിക്കുകയായിരുന്ന ഉണ്ണിച്ചെക്കന് ഒറ്റയാന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു. അച്ഛന് മരിക്കുന്ന സമയത്ത് രാമവര്‍മ്മപുരം പൊലീസ് ക്യാംപില്‍ പരിശീലനത്തിലായിരുന്നു സൗമ്യ.
അധ്യാപക ജോലിയില്‍ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോമിലേക്കെത്തുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. ബിഎഡ്ന് ശേഷം പഴയന്നൂര്‍ തൃക്കണായ ഗവ യുപി സ്കൂളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു. സിവില്‍ സര്‍വ്വീസിനോടായിരുന്നു താത്പര്യമെങ്കിലും ജീവിതത്തില്‍ നേരിടേണ്ടി വന്ന അവഗണനകളും അനുഭവങ്ങളുമാണ് പൊലീസ് യൂണിഫോമിനോട് താത്പര്യം തോന്നാന്‍ കാരണമായതെന്നും സൗമ്യ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലപ്പിളളി എലിക്കോട് ആദിവാസി കോളനിയില്‍ നിന്നുള്ള ആദ്യ പൊലീസ് ഇന്‍സ്പെക്ടടര്‍ കൂടിയാണ് സൗമ്യ. ഊരുമൂപ്പനായിരുന്ന ഉണ്ണിച്ചെക്കന് മകള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതു കൊണ്ട് തന്നെ തനിക്ക് പൊലീസ് വകുപ്പില്‍ ജോലി ലഭിച്ചപ്പോള്‍ സൗമ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മ മണിയുടെയും ഭര്‍ത്താവ് ടിഎസ് സുബിന്റെയും പിന്തുണയോടെയാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സാധിച്ചതെന്നും സൗമ്യ അഭിമാനത്തോടെ പറയുന്നു.
കണ്ണൂര്‍ സിറ്റി പരിധിയിലാണ് സൗമ്യക്ക് നിയമനം ലഭിച്ചിരിക്കുന്നത്. സ്റ്റേഷന് ഏതാണെന്ന് കൃത്യമായ നിര്‍ദ്ദശം ലഭിച്ചിട്ടില്ല. 5 വനിതകളുള്‍പ്പെടെ 34 പേരാണ് കണ്ണൂര്‍ എആര്‍ ക്യാംപില്‍ സബ് ഇന്‍സ്പെക്ടറായി ചുമതല വഹിക്കാനൊരുങ്ങുന്നത്.