കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിൽ നടക്കും. പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം നടത്തുക.
കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂർത്തിയാക്കിയപ്പോഴേക്കും ആരോഗ്യ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്. പിന്നീട് ഹൃദയാഘാതവും ഉണ്ടായതോടെ സുബി മരണത്തിന് കീഴടങ്ങിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.