‘വിഫലമീ യാത്ര…’ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിന് അന്ത്യം: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ ‘ടൈറ്റൻ’ തകർന്നതായി സ്ഥിരീകരണം; 5 യാത്രികരും മരിച്ചു; അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ടൈറ്റാനിക്കിന് ഒന്നര കിലോമീറ്റർ അകലെ നിന്ന്

ഇത്തവണ ‘ടൈറ്റനു’ തന്റെ യാത്രക്കാരെ ടൈറ്റാനിക് കാണിക്കാൻ പറ്റിയില്ല. അഞ്ചു ദിവസം നീണ്ടു നിന്ന ആശങ്കകൾക്കും , പ്രതീക്ഷകൾക്കും വിരാമമിട്ടു കൊണ്ട്
അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ തകർന്നതായി സ്ഥിരീകരണം ലഭിച്ചു. ടൈറ്റനിലെ അഞ്ച് യാത്രക്കാരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പൽ കാണുക എന്ന ദൗത്യത്തോടെ യാത്രതിരിച്ച പേടകത്തിന്റെ അവശിഷ്ടമാണ് ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെ നിന്നും കണ്ടെത്തിയത്.

Advertisements

ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ ഇല്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി. അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്.

2021ലും 22ലും സമാന ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ടൈറ്റൻ ഞായറാഴ്ചയാണ് അഞ്ചു പുതിയ യാത്രക്കാരമായി യാത്ര തുടങ്ങിയത്. യാത്ര പുറപ്പെട്ട് ഒന്നേ മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും മദർഷിപ്പ് പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. 5 യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും തിരച്ചിൽ ദൗത്യ സംഘം തുടരുകയായിരുന്നു.

രക്ഷാ ദൗത്യത്തിൽ അമേരിക്കയും കാനഡയും ഫ്രാൻസും ബ്രിട്ടനും എല്ലാം പങ്കാളികളായി. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററിൽ പരതി. ഇതിനിടെ ടൈറ്റനിൽ നിന്നെന്ന് സംശയിക്കുന്ന സിഗ്നലുകൾ കനേഡിയൻ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി. എന്നാൽ പ്രതീക്ഷകളെല്ലാം വിഫലമാക്കി, വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റൻ തകർന്നെന്ന വാർത്ത പുറത്തു വരുകയായിരുന്നു.

Hot Topics

Related Articles