ഡല്‍ഹി: സുഡാനില്‍ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ റോഡ് മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമായി പരിഗണിക്കുന്നതായി സൂചന. സുഡാനിലെ അര്‍ധസൈനികവിഭാഗവും സേനയും തമ്മില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തുടര്‍ച്ചയായി ഏറ്റുമുട്ടലും വെടിവപ്പും തുടരുന്ന ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ സംഘര്‍ഷത്തിന് അയവ് വരുന്ന സാഹചര്യം വിലയിരുത്തി ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖര്‍ത്തൂം വിമാനത്താവളം അടച്ചതോടെ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം വൈകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് റോഡ് മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്. സുഡാനിലെ സംഘര്‍ഷഭരിതമേഖലകളില്‍ കുടുങ്ങിപ്പോയ 3,000ത്തോളം ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തരപദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തത്ക്കാലം അവിടെ തുടരും. സംഘര്‍ഷം ആരംഭിച്ചതിനുപിന്നാലെ ഖര്‍ത്തൂമിലെ യുഎസ് എംബസി പ്രവര്‍ത്തനം നിര്‍ത്തുകയും ഉദ്യോഗസ്ഥരെ സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3000-4000 ഇന്ത്യാക്കാര്‍ സുഡാനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗം പേരും സംഘര്‍ഷത്തിന്റെ പ്രഭവസ്ഥാനമായ ഖര്‍ത്തൂമില്‍ കുടുങ്ങിക്കിടക്കുകയാണ്. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയതായും സുഡാനിലെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്കുന്ന വിധത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, സൗദി നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെ 157 പേരടങ്ങുന്ന സംഘത്തെ ബോട്ടുകളില്‍ സുഡാനില്‍ നിന്ന് ശനിയാഴ്ച ജിദ്ദയിലെത്തിച്ചിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തര്‍, യുഎ, ഈജിപ്ത്, ടുണീഷ്യ, പാകിസ്താന്, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.