കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുന്ന് കുത്തി വച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭർത്താവ് വിവിധ സ്ഥാപനങ്ങളുടെ കരാർ എടുത്തു ചെയ്യുന്ന മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായർ (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിൽ കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ നിന്നും രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല. തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടപ്പുമുറിയ്ക്കുള്ളിൽ കെട്ടിപിടിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. മരുന്ന് കുത്തി വയ്ക്കാനാണ് ഈ സിറിഞ്ച് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഈരാറ്റുപേട്ട പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും പനയ്ക്കപ്പാലത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദമ്പതിമാർ ജീവനൊടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തിടെ വർദ്ധിച്ചു വരുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്ബർ: Toll free helpline number: 1056, 0471-2552056)