എഡ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 608 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 427 റണ്‍സിന് ആറ് വിക്കറ്റുകള്‍ എന്ന നിലയില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു.രണ്ട് ഇന്നിങ്സിലും ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് നായകൻ ശുഭ്മൻ ഗില്‍ നടത്തിയത്. ആദ്യ ഇന്നിങ്സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയുമാണ് ഗില്‍ തിളങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ 387 പന്തില്‍ നിന്നും 269 റണ്‍സാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സില്‍ 161 പന്തില്‍ 162 റണ്‍സുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗില്‍ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും 150+ റണ്‍സും നേടുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് ഗില്‍ മാറിയത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി ഗില്ലിനു പുറമെ റിഷബ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 58 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്സുകളും ഉള്‍പ്പടെ 65 റണ്‍സാണ് പന്ത് നേടിയത്. 84 പന്തില്‍ 55 റണ്‍സ് നേടിയാണ് രാഹുല്‍ തിളങ്ങിയത്. 10 ഫോറുകളാണ് രാഹുല്‍ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സിനാണ് പുറത്തായത്. ഗില്‍ ഡബിള്‍ സെഞ്ച്വറി നേടിയും യശ്വസി ജെയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടല്‍ നേടുന്നതില്‍ നിർണായകമായി.107 പന്തില്‍ 87 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. 13 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തില്‍ 10 ഫോറുകളും ഒരു സിക്സും അടക്കം 89 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബൗളിങ്ങില്‍ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്സ്, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡണ്‍ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 407 റണ്‍സിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തില്‍ പുറത്താവാതെ 184 റണ്‍സ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തില്‍ 17 ഫോറുകളും ഒരു സിക്സും അടക്കം 158 റണ്‍സ് ആണ് ബ്രുക് അടിച്ചെടുത്തത്. ഇന്ത്യൻ ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 19.3 ഓവറില്‍ മൂന്ന് മെയ്ഡൻ ഓവറുകള്‍ ഉള്‍പ്പെടെ 70 റണ്‍സ് വിട്ടു നല്‍കിയാണ് സിറാജ് ആറ് വിക്കറ്റുകള്‍ നേടിയത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി.