കാലിഫോര്‍ണിയ: പുതുവർഷത്തെ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് വരവേറ്റത് 16 തവണയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എങ്കിൽ വിശ്വസിച്ചേ പറ്റൂ. 16 തവണയാണ് ബഹിരാകാശത്തുള്ള സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ഏഴ് പേർ സൂര്യോദയവും അസ്തമയവും കണ്ടത്. ഇവർ ഉള്‍പ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമനവും കാണാനാകും.
പുതുവർഷദിനത്തിലേക്ക് കാലചക്രം കറങ്ങിയെത്തിയപ്പോഴേക്കും ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ 16 തവണ പുതുവർഷമാഘോഷിച്ചു. ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിത വില്യംസും സംഘവും. 2024 ജൂണില്‍ ഒരാഴ്‌ചത്തെ ദൗത്യത്തിനായി ബോയിങിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുമില്ലാതെ പേടകം ഭൂമിയില്‍ തിരിച്ചിറക്കുകയാണ് നാസയും ബോയിങും ചെയ്‌തത്. ഇതിന് ശേഷമാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഇപ്പോള്‍ മാര്‍ച്ച് അവസാനം വരെ നീട്ടിയതും. മാര്‍ച്ച് മാസത്തിന് മുമ്ബ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരാനുള്ള സാധ്യതകള്‍ നാസ കാണുന്നില്ല.
അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തിലധികമായി കഴിയേണ്ടിവരുന്നത് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ആരോഗ്യസ്ഥിതിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് യാതൊരു വകയുമില്ല എന്നാണ് നാസയും സുനിതയും വ്യക്തമാക്കുന്നത്.