കടുത്തുരുത്തി: രണ്ടാം കൃഷിയുടെ വിളവെടുപ്പ് പകുതി കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിൻ്റെ പണം ഇതുവരെയും സപ്ലൈക്കോ കർഷകർക്ക് നൽകിയില്ല. ഇതോടെ പലിശക്ക് പണം വാങ്ങിയും സ്വർണ്ണം പണയം വച്ചും ക്യഷിയിറക്കിയ കർഷകർ വെട്ടിലായി. സംസ്ഥാനത്ത് ഇതു വരെ നൽകാനുള്ളത് 434 കോടി രൂപയാണ്.
ഒന്നാം സീസണിലെ പണം കേരള ബാങ്കുവഴി വായ്പയായി ഏതാണ്ട് പൂർണ്ണമായും നൽകി കഴിഞ്ഞെങ്കിലും രണ്ടാം സീസണിൽ സംഭരിക്കുന്ന നെല്ലിൻ്റെ പണം ഏത് രീതിയിൽ നൽകണമെന്ന് സർക്കാർ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. ഒന്നാം വിളയുടെ സംഭരണം ആരംഭിച്ചപ്പോൾ സപ്ലെക്കോ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. എന്നാൽ ഈ തുക സപ്ലൈക്കോ മുൻ കാല കുടിശികയിലേക്ക് വരവ് വച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് കേരള ബാങ്കിൻ്റെ സഹകരണത്തോടെ കർഷകർക്ക് പണം വായ്പയായി നൽകുകയായിരുന്നു. രണ്ടാം സീസൺ പകുതിയായിട്ടും എങ്ങിനെ കർഷകർക്ക് പണം നൽകുമെന്ന് ഇതുവരെയും സപ്ലൈക്കോ പറയുന്നില്ല. സംസ്ഥാനത്ത് ഒരു ലക്ഷത്തി പതിനാലായിരത്തോളം കർഷകരാണ് രണ്ടാം സീസണിൽ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും കൂടുതൽ പണം നൽകാനുള്ളത് പാലക്കാട് ജില്ലയിലാണ് 145 കോടി, തൃശൂർ 106 കോടി, എറണാകുളം 45,കോട്ടയം 42 കോടി. രാസവളങ്ങളുടെയും, മരുന്നുകളുടെയും വില വർദ്ധനവ് മൂലം നട്ടം തിരിയുന്ന കർഷകർക്ക് സമയബന്ധിതമായി പണം ലഭിച്ചില്ലെങ്കിൽ നെൽകൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് പറയുന്നത്.