കോട്ടയം : അങ്കമാലി ഭദ്രാസനത്തിലെയും തൃശൂർ ഭദ്രാസനത്തിലെയും ആറ് പള്ളികളിൽ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നടപ്പിൽ വരുത്തുവാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല എന്ന് ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. പലപ്പോഴും ഓർത്തഡോക്‌സ് സഭയുടെ വൈദികരെയും വിശ്വാസികളെയും വിധി നടപ്പാക്കുവാൻ പോകുന്നു എന്ന് ധരിപ്പിച്ച് വിളിച്ചു വരുത്തുകയും, എന്നാൽ ഏതാനും ചില യാക്കോബായക്കാരുടെ പ്രതിഷേധം മുൻനിർത്തിക്കൊണ്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
വിധി നടപ്പാക്കുന്ന ദിവസം നേരത്തെ തന്നെ യാക്കോബായ വിഭാഗത്തെ അറിയിക്കുകയും ഇത് പ്രതിരോധിക്കാൻ അവിടെ ആളുകളെ കൂട്ടി വരുത്തുകയും ചെയ്യുവാനുള്ള സാവകാശവും അവസരവും നൽകിക്കൊണ്ടാണ് ഈ നാടകം അരങ്ങേറുന്നത്. കോടതിവിധി നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന അവിടുത്തെ വൈദികരും മറ്റാളുകളും, പല പള്ളികളിലും കോടതിവിധി നടപ്പാക്കുന്നത് തടയുവാനായി കുഞ്ഞുങ്ങളെയും സ്ത്രീകളെയും മുന്നിൽ നിർത്തണമെന്നുള്ള ഓഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇതിനെതിരെയൊന്നും യാതൊരു നടപടിയും ഉണ്ടാവുന്നതായി കാണുന്നില്ല. വൻ സംഘർഷം ഉണ്ടാകും എന്ന് കാട്ടി കോടതിവിധി നടപ്പാക്കാതിരിക്കുവാനുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രവൃത്തി രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥിതിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ഓടക്കാലി പള്ളിയിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിൽ മലങ്കരസഭയ്ക്ക് അനുകൂലമായ കോടതിവിധി വന്നിട്ട് ഏകദേശം ആറുവർഷത്തോളമായി. നാളിതുവരെയുമായി അത് നടപ്പാക്കുവാൻ ആവശ്യമായ ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇന്ന് രാവിലെയും കോടതിവിധി നടപ്പാക്കാൻ എന്ന രീതിയിൽ പോലീസ് ഉദ്യോഗസ്ഥർ വികാരിയോടും ഇടവകക്കാരോടും പള്ളിയിൽ എത്തിച്ചേരുവാനായിട്ട് ആവശ്യപ്പെട്ടു. അവിടെ ചെന്ന വൈദികരും വിശ്വാസികളും കാണുന്നത് കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുള്ള വിഘടിത വിഭാഗത്തിലെ വൈദികരും ആളുകളും ഗേറ്റ് പൂട്ടി അകത്തിരിക്കുന്ന കാഴ്ചയാണ്.
നിയമലംഘനം നടത്തി കോടതിയുടെ നിരോധനം ലംഘിച്ച് പള്ളി കോമ്പൗണ്ടിൽ നില ഉറപ്പിച്ചിരിക്കുന്നവർ കോടതി വിധിയുമായി ചെന്ന വൈദികരെയും വിശ്വാസികളെയും തടയുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് നിയമവ്യവസ്ഥിതിയോടുള്ള കനത്ത വെല്ലുവിളിയാണ്.മീഡിയാ വിംഗ് പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, സഭാ വക്താവ് റീശ് ആർച്ച് കോർ എപ്പിസ്കോപ്പാ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.