ദില്ലി: സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിൻ്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. ഇത് വാണിജ്യ സംരംഭമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മിക്ക പരാതികളിലും ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍,ഗാര്‍ഹിക പീഡനം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു “സംയോജിത പാക്കേജ്” ആയിട്ടാണ് ലഭിക്കാറുള്ളതെന്നും കോടതി പറഞ്ഞു. സ്ത്രീകളുടെ കയ്യിലുള്ള ഈ നിയമ വ്യവസ്ഥകള്‍ അവരുടെ ക്ഷേമത്തിനു പ്രയോജനമാകാനുള്ളതാണെന്നും ഭര്‍ത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ ഉള്ള മാർഗമല്ലെന്ന് മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.