സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കുമെതിരെ ബി.ജെ.പി നേതാക്കൾ: കടന്നാക്രമിച്ച് തിരിച്ചടിച്ച് കോടതി

ന്യൂഡൽഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കുമെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ കടന്നാക്രമണത്തെ അവർക്കെതിരെ തിരിച്ച് സുപ്രീംകോടതി.വഖഫ് കേസില്‍ വിവാദ നിയമത്തെ പിന്തുണക്കുന്ന ഹിന്ദുത്വ അഭിഭാഷകരുടെ നോഡല്‍ ഓഫിസറായ വിഷ്ണു ശങ്കർ ജെയിൻ, വഖഫ് പ്രക്ഷോഭം കലാപമായി മാറിയ പശ്ചിമ ബംഗാളില്‍ ഇടപെടാൻ കേന്ദ്ര സർക്കാറിന് നിർദേശം നല്‍കണമെന്ന ഹരജിയുമായി എത്തിയപ്പോഴാണ് ജസ്റ്റിസ് ബി.ആർ. ഗവായി ബി.ജെ.പിയുടെ വിമർശനം എടുത്ത് തിരിച്ചടിച്ചത്. മേയ് 14ന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനിരിക്കുകയാണ് ജസ്റ്റിസ് ബി.ആർ. ഗവായി.

Advertisements

നിയമനിർമാണ സഭകള്‍ ഒപ്പുവെക്കുന്ന ബില്ലുകളില്‍ ഒപ്പുവെക്കാൻ രാഷ്ട്രപതിക്ക് മൂന്നുമാസത്തെ സമയപരിധി നിശ്ചയിച്ചതിന്റെയും വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ മരവിപ്പിച്ചതിന്റെയും പേരില്‍ ബി.ജെ.പി നേതാക്കളുടെ കടന്നാക്രമണത്തെ ഓർമിപ്പിച്ചായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സർക്കാറിന് നിർദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നാണോ താങ്കള്‍ ആവശ്യപ്പെടുന്നതെന്ന് വിഷ്ണു ശങ്കർ ജെയിനിനോട് ചോദിച്ച ജസ്റ്റിസ് ഗവായ്, പാർലമെന്റിന്റെയും സർക്കാറിന്റെയും അധികാരങ്ങളിലേക്ക് സുപ്രീം കോടതി നുഴഞ്ഞുകയറുന്നുവെന്നാണല്ലോ തങ്ങള്‍ക്കെതിരായ ആരോപണമെന്ന് കൂട്ടിച്ചേർത്തു. ബംഗാളില്‍ കേന്ദ്രം ഇടപെടണമെന്ന തന്റെ ഹരജി ഉടൻ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട ജെയിനിനോട് ‘ഇല്ല, അത് ചെയ്യില്ല.

അങ്ങനെ ചെയ്താല്‍ പാർലമെന്റിന്റെയും സർക്കാറിന്റെയും പ്രവർത്തനങ്ങളില്‍ തങ്ങള്‍ ഇടപെടുകയാണെന്ന് ആരോപണം വരുമെന്ന് ജസ്റ്റിസ് ഗവായ് തിരിച്ചടിച്ചു. വിഷ്ണു ജെയിൻ ആവശ്യം ആവർത്തിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് ഹരജി പരിഗണിച്ച്‌ തള്ളാമെന്നുപറഞ്ഞ് തമാശയാക്കി.

വീണ്ടുമൊരിക്കല്‍ കൂടി അപേക്ഷിച്ചപ്പോള്‍, ശരി അടുത്തയാഴ്ച പരിഗണിക്കാമെന്നുപറഞ്ഞ് ഹരജിയുടെ പകർപ്പ് കേന്ദ്രത്തിന് നല്‍കാൻ നിർദേശിച്ചു. സർക്കാറിന്റെയും പാർലമെന്റിന്റെയും ഉത്തരവാദിത്തങ്ങളില്‍ തങ്ങള്‍ ഇടപെടുന്നുവെന്ന ആരോപണം നേരിടുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സിനെതിരായ കേസ് വന്നപ്പോഴും ജസ്റ്റിസ് ഗവായി ആവർത്തിച്ചു.

പശ്ചിമ ബംഗാളില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹരജിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ബി.ജെ.പി നേതാവ് നടത്തിയ പരാമർശങ്ങള്‍ കൂടി ഉള്‍പ്പെടുത്താൻ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് അനുമതി നല്‍കി.

ഹരജി സമർപ്പിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസിനെതിരായ പരാമർശങ്ങള്‍ ഉണ്ടായെന്നും അതടക്കം ഹരജിയില്‍ ഭേദഗതി വരുത്താനുണ്ടെന്നും അതിനായി പിൻവലിക്കാൻ അനുവദിക്കണമെന്നും അഡ്വ. വിശാല്‍ തിവാരി ആവശ്യപ്പെട്ടപ്പോഴാണ് അനുമതി നല്‍കിയത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. എന്നാല്‍, അത് മാന്യവും അന്തസ്സാർന്നതും ആയിരിക്കണം. സ്ഥാപനത്തിന്റെ മര്യാദയും അന്തസ്സും കാത്തുസൂക്ഷിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു.

രാജ്യത്ത് ആഭ്യന്തര, മത യുദ്ധങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച്‌ സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസിനെയും അവഹേളിച്ച ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി കേന്ദ്ര സർക്കാറിന്റെ അറ്റോർണി ജനറലിനെ സമീപിക്കാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. എ.ജി അനുമതി നല്‍കുമെന്നും സുപ്രീംകോടതിയുടെ അനുമതി തേടേണ്ട കാര്യമില്ലെന്നും ഗവായ് വ്യക്തമാക്കി.

1971ലെ കോടതിയലക്ഷ്യ നിയമപ്രകാരം ഒരു വ്യക്തിക്ക് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാൻ കേന്ദ്ര സർക്കാറിന്റെ അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി വേണം.

Hot Topics

Related Articles