ദില്ലി: തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ, ഹർജിക്കാരായ വ്യക്തികളും എൻജിഒകളും കോടതി രജിസ്ട്രിയിൽ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കിൽ ഹർജിക്കാരെയോ കക്ഷി ചേർന്നവരെയോ തുടർന്ന് കേസിൽ ഹാജരാകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തിൽ ശേഖരിക്കുന്ന പണം തെരുവ് നായകൾക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ ഉപയോഗിക്കുമെന്ന് കോടതി അറിയിച്ചു. മുനിസിപ്പൽ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരിക്കും ഈ പ്രവർത്തനങ്ങൾ നടപ്പാക്കുക. കേവലം നിയമപരമായ നടപടികളിൽ ഒതുങ്ങാതെ, നായകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഉത്തരവ് സാധാരണക്കാർക്ക് ബാധകമല്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ശർമ്മ വ്യക്തമാക്കി. 25,000 രൂപയും 2 ലക്ഷം രൂപയും പിഴയായി ചുമത്തുന്നത് സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേർന്ന എൻജിഒകൾക്കും മറ്റും മാത്രമാണ്. സാധാരണക്കാർക്ക് ഇത് ബാധകമല്ല. നായകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കാനാണ് കോടതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
നായ സ്നേഹികൾക്ക് അനുകൂലമായ മറ്റൊരു പ്രധാന വിധിയിൽ, ദില്ലി-എൻസിആറിൽ തെരുവ് നായകളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ സുപ്രീം കോടതി ഭേദഗതി ചെയ്തു. വന്ധ്യംകരണത്തിന് ശേഷം നായകളെ പൊതുസ്ഥലങ്ങളിൽ വിടാൻ അനുമതി നൽകിയെങ്കിലും, പൊതു സ്ഥലങ്ങളിൽ ഇവയ്ക്ക് ഭക്ഷണം നൽകുന്നത് കോടതി വിലക്കി. കൂടാതെ, ഓരോ വാർഡിലും നായകൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക മേഖലകൾ മുനിസിപ്പൽ അധികൃതര്‍ സൃഷ്ടിക്കണമെന്നും ഈ ഉത്തരവ് രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.