തൃശൂർ: ലീഡർ കെ കരുണാകരന്റെ 106-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ആശംസ. ‘പ്രിയപ്പെട്ട എന്റെ സ്വന്തം, പ്രാര്‍ത്ഥനകള്‍…’എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ, കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കണ്ണൂരിലെത്തി ഇകെ നായനാരുടെ ഭാര്യയായ ശാരദ ടീച്ചറെ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. രാഷ്ട്രീയമല്ല, സൗഹൃദ സന്ദർശനം എന്നായിരുന്നു അന്നത്തെ പ്രതികരണം.
താൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. അത്രയും നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുക. പകരം, ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നുചേരും. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
എംപി എന്ന നിലയിൽ എന്നെ ആരും എന്നെ ഉദ്ഘാടനത്തിന് വിളിക്കേണ്ട.
സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതി. അങ്ങനെയുള്ള ഉദ്ഘാടനകൾക്ക് സഹപ്രവര്‍ത്തകര്‍ക്ക് നൽകുന്ന പ്രതിഫലം വേണം. അത് ട്രസ്റ്റിലേക്കാണ് പോവുക. പിരിവുണ്ടാകും, പരിപാടിക്ക് പോകുമ്പോൾ എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിന് യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. പക്ഷേ നയാ പൈസ ഞാൻ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അതു ഞാൻ നേരത്തേ പറഞ്ഞ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്. ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം.
പാർട്ടി എനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യാൻ എനിക്കറിയാം. അതിന് ആരുടെയും ഉപദേശം വേണ്ട. തൃശൂര്‍ ഏൽപ്പിച്ച കാര്യങ്ങൾ, കൃത്യമായിത്തന്നെ നിർവഹണം നടത്തിയിരിക്കും. അതിന് തനിക്ക് ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്. ഒന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.