ജാഗ്രതാ ന്യൂസ്
ക്രൈം ഡെസ്‌ക്
കോട്ടയം: എരുമേലി എസ്.എച്ച്.ഒയ്ക്കു പിന്നാലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്കും സസ്‌പെൻഷൻ. ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ബിജിയെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. നേരത്തെ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പാർക്കിംങ് ഗ്രൗണ്ട് നടത്തിപ്പുകാരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ് മാത്യുവിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
2020ൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മണൽ മാഫിയയിൽനിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലൻസ് ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് എ.ഐ.ജിയാണ് സസ്‌പെൻഡുചെയ്ത് ഉത്തരവിറക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളെത്തുടർന്നാണ് എരുമേലി പോലീസ് ഇൻസ്‌പെക്ടർക്കെതിരായ നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഐ.ജിയാണ് സസ്‌പെൻഡുചെയ്ത് ഉത്തരവിറക്കിയത്.
ഇതിനിടെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ സൗഹൃദത്തർക്കത്തിൽ ഏർപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കുമെതിരെ നടപടിയുണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായി. ഇരുവർക്കും എതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ രണ്ടു പേരുടെയും ഭാഗത്ത് വീഴ്ച കണ്ടെത്തിയതായാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്നാണ് രണ്ടു പേർക്കെതിരെയും അച്ചടക്ക നപടിയ്ക്കു ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് സൂചന.