തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കെ സ്വപ്ന സുരേഷിന്റെ വീട്ടിലും ഓഫീസിലും പോലീസ് വിന്യാസം. ഫ്ളാറ്റിലും ഓഫീസിലും 24 മണിക്കൂറും പോലീസ് കാവലാണ്. അതേസമയം സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് പോലീസ് ഭാഷ്യം.
സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സംസ്ഥാന സര്‍ക്കാരിനെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ സ്വപ്നയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് പോലീസിന്റെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ സ്വപ്നയ്ക്കെതിരെ ഗൂഢാലോചന ഉള്‍പ്പെടെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പഴയ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്താണ് ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഷാജി കിരണുമായുള്ള അതിഗുരുതര സ്വഭാവമുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്ന അറിയിച്ചിരിക്കുന്നത്. ശബ്ദ രേഖ പുറത്തുവന്നാല്‍ സംസ്ഥാന പോലീസിലെ എഡിജിപിമാരടക്കം സമ്മര്ദ്ദത്തിലായേക്കാമെന്ന സാഹചര്യത്തിലാണ് സ്വപ്നയുടെ ഫ്ളാറ്റിലും ഓഫീസിലും പോലീസ് സുരക്ഷയൊരുക്കുകയാണെന്ന പേരില്‍ എത്തിയിരിക്കുന്നതെന്നാണ് ആരോപണം.