കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സ്വപ്നക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യഹർജി തള്ളിയത്.
സ്വപ്ന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും ഹർജിക്ക് പിറകില്‍ രാഷ്ട്രീയ താല്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി. കെ.ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സ്വപ്നയും സരിത്തും മുൻപ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ തനിക്ക് ഭീഷണിയുണ്ട് എന്നും ജാമ്യഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും സ്വപ്ന കോടതിയിൽ ആവിശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ ഈ ആവശ്യം കോടതി പരിഗണിച്ചില്ല.