വൈക്കം:മൈൽ സ്റ്റോൺ സ്വിമ്മിംങ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടേയും ,വൈക്കം നഗരസഭയുടേയും സഹകരണത്തോടെ നടക്കുന്ന സ്വിം കേരളാ സ്വിം മൂന്നാം ഘട്ട നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കമായി. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂര കുളത്തിൽ (ഇണ്ടംതുരുത്തി) നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉത്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ സുഭാഷ് പി.റ്റി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവ് , രാധിക ശ്യാം ,രാജശ്രീ വേണുഗോപാൽ ,ഫൊക്കാന കോർഡിനേറ്റർ സുനിൽ പാറയ്ക്കൽ ,മുഖ്യ പരിശീലകനും ,അന്താരാഷ്ട്ര നീന്തൽ താരവുമായ എസ്.പി മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ ,ഡോ :ആർ പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് രക്ഷാകർത്താക്കളുടേയും ,നാട്ടുകാരുടേയും സാന്നിധ്യത്തിൽ നടന്ന കുട്ടികളുടെ നീന്തൽ പരിശീലനം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭയുടെ ഇരുപത്തിയാറ് വാർഡുകളിൽ നിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർ ചെയ്ത പത്ത് വയസ്സിന് മുകളിലുള്ള നൂറ് കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നീന്തലിൽ താൽപ്പര്യമുള്ളവരേയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളുടെ സ്വയരക്ഷ ,പരരക്ഷ, വ്യായാമം ,ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ സമചിത്തതയോടെ നേരിടാൻ കഴിയുന്ന തരത്തിലുള്ള വിദ്യകളടക്കം സുരക്ഷാ മുൻകരുതലോടെയും , പ്രൊഫഷണൽ മികവോടെയുമാണ് പരിശീലനം നടക്കുന്നത്. പാക് കടലിടുക്ക് അതി സാഹസികമായി നീന്തിക്കടന്ന ആദ്യ മലയാളിയായ എസ്.പി. മുരളീധരനാണ് മുഖ്യ പരിശീലകൻ. വനിതാ പരിശീലകരുൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്.
പരിപാടികൾക്ക് എം.പി. ചന്ദ്രൻ ,സൊസൈറ്റി ഭാരവാഹികളായ സാജൻ കൃഷ്ണൻകുട്ടി ,ബാബു തകഴി ,കെ കെ ഗോപിക്കുട്ടൻ ,കെ. അഷ്റഫ് ,അരുൺ, വേമ്പനാട് സ്വിമ്മിങ്ങ് അക്കാഡമി ഭാരവാഹി ഷിഹാബ് കെ സൈനു എന്നിവർ നേതൃത്വം നൽകി.